ലോക്ക് ഡൗണിൽ ഇളവുകൾ ജില്ലകളിലെ സാഹചര്യം പരിഗണിച്ച്, മദ്യ വില്പ്പന ശാലകൾ തത്കാലം തുറക്കില്ല
മദ്യശാലകൾ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് ഈ തീരുമാനം എടുത്തതത്. 14 ജില്ലകളിലേയും സാഹചര്യം പരിഗണിച്ചാവും ഇളവുകൾ നൽകുന്നതും ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നതും.
അതേസമയം സംസ്ഥാനത്തെ മദ്യശാലകൾ തുറക്കില്ല. ബെവ്കോ മദ്യവിൽപനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാൻ നേരത്തെ നിർദേശം ലഭിക്കുകയും ഇതനുസരിച്ച് സംസ്ഥാനത്തെ ബെവ്കോ ശാലകളിൽ അണുനശീകരണം ആരംഭിക്കുകയും ചെയ്തതെങ്കിലും ഇപ്പോൾ മദ്യശാലകൾ തുറക്കാൻ അനുയോജ്യമായ സാഹചര്യമല്ല എന്നാണ് ഉന്നതതലയോഗത്തിലെ വിലയിരുത്തൽ.
മദ്യശാലകൾ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. എത്ര
കണ്ട് സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും എന്ന മുന്നറിയിപ്പും യോഗത്തിൽ ഉയർന്നു. അതിനാൽ സാഹചര്യം പരിശോധിച്ച് മാത്രം മദ്യവിൽപനശാലകൾ തുറന്നാൽ മതിയെന്നാണ് നിലവിലെ ധാരണ. മുഖ്യമന്ത്രി തന്നെയാണ് ഈ ഒരു തീരുമാനം എടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. മാത്രമല്ല മദ്യശാലകൾ തുറന്ന ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടിയാൽ അതു രാഷ്ട്രീയമായ തിരിച്ചടി സൃഷ്ടിക്കും എന്ന ആശങ്കയും സർക്കാർ തീരുമാനിത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
കേന്ദ്രസർക്കാർ നിർദേശപ്രകാരം സോണുകൾ നിശ്ചയിക്കുമ്പോൾ തന്നെ സംസ്ഥാന സർക്കാരും സ്വന്തം നിലയിൽ ഇളവുകളും കൂടുതൽ നിയന്ത്രണങ്ങളും മൂന്നാം ഘട്ട ലോക്ക് ഡൗണിൽ കൊണ്ടു വരുമെന്നാണ് വിവരം. മറ്റന്നാൾ മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച വിശദമായ മാർഗനിർദേശം ഇന്ന് വൈകുന്നേരം പുറത്തു വരും എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ പുതിയ റെഡ്,ഗ്രീൻ, ഓറഞ്ച് സോണുകളും ഹോട്ട് സ്പോട്ടുകളും നിലവിൽ വരാനും സാധ്യതയുണ്ട്.