പന്തീരാങ്കാവ് കേസ്: മൂന്ന് പേർ എൻഐഎ കസ്റ്റഡിയിൽ
കുന്നമംഗലം : പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎ റെയ്ഡ് നടത്തി മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ എൽദോ വിൽസൺ, വിജിത്ത്, ഓൺലൈൻ മാധ്യമപ്രവർത്തകനായ അഭിലാഷ് എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചെ എൻഐഎ കൊച്ചി യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.
ചെറുകുളത്തൂരിലെ പരിയങ്ങാട് പുതുക്കുളങ്ങര പത്മനാഭൻ എന്ന ആളുടെ തറവാട്ട് വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു നാല് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേർ. അഭിലാഷിനെ കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് സ്വദേശിയായ സജിത്ത് ലോക്ക്ഡൗണിന് മുമ്പ് പാലക്കാട്ടേക്ക് പോയതാണ്. നിരവധി വർഷമായി ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ നിന്ന് ചില പുസ്തകങ്ങൾ, സിം കാർഡുകൾ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് എൻഐഎ സംഘം വീട് വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്തത്. എൻഐഎ ഡിവൈഎസ്പി വിജയന്റെ നേതൃത്വത്തിൽ പകൽ രണ്ടരയോടെ നടപടികൾ പൂർത്തിയാക്കി കോഴിക്കോട് ഗസ്റ്റ്ഹൗസിലേക്ക് കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കൊണ്ടുപോയി . എൽദോയും വിജിത്തും സജിത്തും ഒരു വർഷത്തിലധികമായി കല്ലേരി, മുണ്ടക്കൽ, പരിയങ്ങാട് എന്നീ സ്ഥലങ്ങളിലായി വാടകക്ക് താമസിച്ച് വരികയായിരുന്നു. കല്ലേരിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂളിലെ അധ്യാപകരായാണ് ഇവർ ഇവിടെയെത്തുന്നത്. മൊഡ്യൂൾ എന്ന പേരിൽ ഇവർ ഒരു ട്യൂഷൻ സെന്റർ പരിയങ്ങാട്ടിന്മേൽ തുടങ്ങിയിരുന്നു. നാട്ടുകാർക്ക് സംശയം തോന്നാത്ത നിലയിലായിരുന്നു ഇവരുടെ പ്രവർത്തനം.