അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കൽ; കേരളത്തിലെ ആദ്യ ട്രെയിൻ ഒഡിഷയിലേക്കെന്ന് സൂചന
കൊച്ചി: ലോക്ക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. സംസ്ഥാനത്ത് ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
കേരളത്തിൽ നിന്ന് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് ട്രെയിൻ അനുവദിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് ആയിരിക്കുമെന്നും ഈ ട്രെയിൻ ഇന്ന് വൈകിട്ട് ആറു മണിയോടെ പുറപ്പെടുമെന്നുമാണ് വിവരം.
അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. ഇവരെ തിരികെയെത്തിക്കാൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ ഇന്ന് രാവിലെ തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് പുറപ്പെട്ടു.
അതിഥി തൊഴിലാളികളെ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്ര നിർദേശമുണ്ട്. ഇതനുസരിച്ചാണ് ജില്ലകളിൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. പ്രായമായവർ, കുടുംബമായി താമസിക്കുന്നവർ എന്നിങ്ങനെ മുൻഗണനാക്രമത്തിലാകും രജിസ്റ്റർ ചെയ്തവരെയും കൊണ്ടുപോവുക.
എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്ട്രേഷൻ രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ ഓടിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.