മാവോയിസ്റ്റ് സാന്നിധ്യം; കോഴിക്കോടും മലപ്പുറത്തും എന്‍.ഐ.എ റെയ്ഡ്, രണ്ടു പേരെ ചോദ്യം ചെയ്യുന്നു
കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോടും മലപ്പുറത്തും എന്‍.ഐ.എ റെയ്ഡ്. കോഴിക്കോട് ചെറുകുളത്തൂര്‍ പരിയങ്ങാട് ഭാഗത്താണ് എന്‍.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്, താഹ എന്നിവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത രണ്ട് പേരും. വയനാട് സ്വദേശികളായ ഇവര്‍ പ്രദേശത്തെ സ്വകാര്യ സ്കൂളില്‍ അധ്യാപകരായി ജോലി ചെയ്യുകയായിരുന്നു.
അലനേയും താഹയേയും ചോദ്യം ചെയ്തതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് അറിയുന്നത്. ഒപ്പം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കാട്ടില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ നാട്ടിലിറങ്ങുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. വയനാട്ടില്‍ പോലീസ് വെടിയേറ്റ് മരിച്ച മലപ്പുറം പാണ്ടിക്കാട്ടെ സി.പി ജലീലിന്റെ വീട്ടിലും തറവാട്ട് വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇവിടെ നിന്നും ചില രേഖകളും മൊബൈല്‍ ഫോണുകളും, പോസ്റ്ററുകളും ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കൂടാതെ വീട്ടുകാരെ കൂട്ടാതെ മറ്റ് ചിലരും ഇവിടെയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല.
അലന്, താഹ കേസില്‍ രണ്ട് ദിവസം മുമ്പാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ അലന് ഷുഹൈബ്, താഹ ഫസല്‍, സി പി ഉസ്മാന് എന്നിവര്‍ക്കെതിരെ യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.
അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി, താഹാ ഫസല്‍ രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, യു.എ.പി.എ-13,38,39 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്. ഗൂഡാലോചന, നിയമ വിരുദ്ധ പ്രവര്‍ത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, അന്യായമായി സംഘംചേരല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.