എന്നെ ചതിച്ചത് ചില ജീവനക്കാർ: ആദ്യ പ്രതികരണവുമായി ബി. ആർ. ഷെട്ടി
ദുബായ് : ‘എന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ’– പറയുന്നത് പ്രതിസന്ധിയിലായ യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാർ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലുള്ള അദ്ദേഹം പറഞ്ഞു.
ബി.ആര്. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം
TOP NEWS
ബി.ആര്. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം
ഇപ്പോഴുള്ളവരും നേരത്തെ ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചതെന്നും താൻ നിയോഗിച്ച അന്വേഷണ സംഘമാണ് ചതി കണ്ടെത്തിയതെന്നും വിശദമാക്കി. ഇൗ ചെക്കുകൾ ഉപയോഗിച്ച് എന്റെ അറിവോ സമ്മതമോ ഇല്ലാതെ അവർ പല സാമ്പത്തിക ഇടപാടുകളും നടത്തി. എന്റെ വ്യാജ ഒപ്പിട്ട് വായ്പകൾ സൃഷ്ടിച്ചു, വ്യക്തിപരമായ കാര്യങ്ങൾക്കും ഉപയോഗിച്ചു. കൂടാതെ, ഇവയെല്ലാം ഉപയോഗിച്ച് എന്റെ പേരിൽ കമ്പനികളും ആരംഭിച്ചു. വ്യാജ പവർ ഒാഫ് അറ്റോർണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു. ചെലവുകളുടെ കാര്യത്തിലും അഴിമതി കാണിച്ചു–അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായാണ് ബി.ആർ.ഷെട്ടി ബിസിനസിലെ പ്രതിസന്ധി സംബന്ധമായി പ്രസ്താവനയിറക്കുന്നത്. കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ നിൽക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്. തന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം ഇല്ലാതാക്കി സത്യം പുറത്തുകൊണ്ടുവരാൻ കഠിനമായി ശ്രമിക്കുകയാണെന്നും പറഞ്ഞു.
ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നൽകിയിരുന്നു. കുടുംബാംഗങ്ങള്‍, ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ തല്ക്കാലത്തേയ്ക്ക് മരവിപ്പിക്കാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് മറ്റുള്ള ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. വിവിധ ബാങ്കുകള്‍ക്ക് ബി.ആര് ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന വലിയ തുകയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അടിസ്ഥാനത്തിലാണിത്. യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.