ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു
മുംബൈ : പ്രശസ്ത ബോളിവുഡ് നടനും നിർമാതാവും സംവിധായകനുമായ ഋഷി കപുർ മുംബൈയിൽ അന്തരിച്ചു. 67 വയസായിരുന്നു. അർബുദ രോധബാധിതനായി ചികിത്സയിലായിരുന്നു. ബോബി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. മേരാ നാം ജോക്കറിൽ ബാലതാരത്തിനുള്ള അവാർഡ് നേടി.
ലൈലാ മജ്നു, സർഗം, പ്രേം രോഗ്, നാഗിനാ, ഹണിമൂൺ, ചാന്ദ്നി, ബോൾ രാധാ ബോൽ, കഭി കഭി, ഹം കിസിസെ കം നഹി, ആപ്കെ ദീവാനാ, ദാമ്നി, ഹം തും, നമസ്തേ ലണ്ടൻ, അമർ അക്ബർ, ആന്റണി തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചില സിനിമകളാണ്.
കപൂർ സിനിമാ കുടുംബത്തിലെ രാജ് കപൂറിന്റെയും കൃഷ്ണാ കപൂറിന്റെയും മകനായി ജനനം. നിരവധി സിനിമകളിൽ നായികയായിരുന്ന നീതുസിങാണ് ഭാര്യ. ബോളിവുഡ് താരം രൺബീർ കപൂർ, ഋതിമ കപൂർ സാഹ്നി എന്നിവരാണ് മക്കൾ .രൺദീർ കപൂർ, രാജീവ് കപൂർ എന്നിവർ സഹോദരങ്ങൾ
ശ്വാസതടസ്സത്തെത്തുടർന്ന് ഇന്നലെയാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്.
സമൂഹമാധ്യമത്തിൽ ഏറെ സജീവമായിരുന്നു അദ്ദേഹം . ‘നെറ്റ്ഫ്ലിക്സിൽ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് അദ്ദേഹം ഈയടുത്ത് അഭിനയിച്ചത്.