ചികിത്സിച്ച് ഭേദമാക്കിയത് 89 രോഗികളെ ; കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്പര്‍
കാസർകോട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ബഹുമതിയുമായി കാസര്‍കോട് ജനറല്‍ ആശുപത്രി. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 89 രോഗികളും രോഗമുക്തരായി. ചൊവ്വാഴ്ച അവസാന രോഗിയും ആശുപത്രി വിട്ടു.
ഇതുവരെ 2571 സാമ്ബിളാണ് ഇവിടുന്ന് പരിശോധനയ്ക്കായി അയച്ചത്. അഭിമാനകരമായ നേട്ടത്തിനുടമകളായ ജനറല്‍ ആശുപത്രി ജീവനക്കാരെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അഭിനന്ദിച്ചു.
കാസര്‍കോട് ജില്ലയില്‍ ഇതുവരെ 175 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍. ജനറല്‍ ആശുപത്രി–- 89, കാഞ്ഞങ്ങാട് ജില്ലാശുപത്രി–- 43, കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രി–- 22, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്–- 19, കോഴിക്കോട് മെഡിക്കല്‍ കോളേജ്–- രണ്ട് എന്നിങ്ങനെയാണ് ജില്ലയിലെ രോഗികള്‍ ചികിത്സ തേടിയത്. ഇതില്‍ 107 പേര് വിദേശത്തുനിന്നുവന്നതാണ്. 68 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. നിലവില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ എട്ടും കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നാലും പരിയാരം മെഡിക്കല്‍ കോളേജില്‍ ഒരാളും ജില്ലയിലുള്ളവര്‍ ചികിത്സയിലുണ്ട്.