ശമ്പളം പിടിക്കുന്നത് തടഞ്ഞ കോടതി വിധി മറികടക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരും
അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം
തിരുവനന്തപുരം: ശമ്പളം പിടിക്കൽ തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരും. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തലത്തിൽ ധാരണയിലെത്തി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച ഓർഡിനൻസ് പരിഗണിക്കും.
അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കാൻ നിയമ വകുപ്പിന് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. മന്ത്രിസഭാ യോഗം ഇന്ന് രാവിലെ ചേരുന്നുണ്ട്.
സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചത്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു. എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശമ്പളം അവകാശമാണെന്ന് കോടതി വിശദീകരിച്ചു.
സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് കോടതി പറഞ്ഞു. ജീവനക്കാരുടെ വേതനത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാൽ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.