രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332; മരണം ആയിരം കടന്നു; 1897 പേർക്ക് കൂടി വൈറസ് ബാധ
ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1897 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്
ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1897 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 73 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1007 ആയി ഉയർന്നു.
അതേസമയം 7696 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 23.3 ശതമാനമാണ് രോഗം ഭേദമാകുന്നവരുടെ തോത്. 24 മണിക്കൂറിനിടെ 827 പേർക്ക് രോഗം ഭേദമായി. എന്നാൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.
മഹാരാഷ്ട്രയിൽ 9318 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 3744 ആയി. മഹാരാഷ്ട്രയിൽ 728 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചപ്പോൾ ഗുജറാത്തിൽ 196 പേർക്ക് വൈറസ് ബാധ കണ്ടെത്തി. ഗുജറാത്തി 181 പേരും മഹാരാഷ്ട്രയിൽ 400 പേരും രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച 1007 പേരിൽ 581 പേരും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്.
ഉത്തർപ്രദേശിൽ രോഗബാധിതരുടെ എണ്ണം 2053 ആണ്. മധ്യപ്രദേശിൽ 2387 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 120 പേർ മരിച്ചിട്ടുണ്ട്. ആന്ധ്രയിൽ 1259 പേർക്കും രാജസ്ഥാനിൽ 2364 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ റെഡ്സോൺ ജില്ലകൾ നിലവിൽ 129 മാത്രമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഗ്രീൻസോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയർന്നു രോഗബാധ പ്രധാനമായും അഞ്ചു നഗരങ്ങളിലാണ്. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് 14ാമതാണ് ഇപ്പോൾ ഇന്ത്യ.