കാണാതായ വിദ്യാർത്ഥിനി ജസ്നയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയതായി സൂചനകൾ; ജസ്നയുടെ തിരോധാനത്തിന്റെ ചുരുളഴിയുമോ?
റാന്നി: കാണാതായ വിദ്യാർത്ഥിനി ജസ്നയെ കണ്ടെത്തിയതായി സൂചന. കോളേജ് വിദ്യാർത്ഥിനിയായ ജസ്ന (20)യെ കാണാതായിട്ട് രണ്ട് വർഷം പിന്നിടുമ്പോഴാണ് ക്രെെം ബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയൽ സംസ്ഥാനത്ത് നിന്ന് ജസ്നയെ കണ്ടെത്തിയതായുള്ള സൂചനകൾ പുറത്ത് വരുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ജസ്നയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22 നാണ് കാണാതായത്. അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ജസ്ന എരുമേലി വരെ എത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ജസ്ന എവിടേക്ക് പോയി എന്നതിൽ രണ്ട് വർഷമായും പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
കാണാതാകുമ്പോൾ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജസ്ന. മരിക്കാൻ പോകുകയാണ് എന്നായിരുന്നു ജസ്നയുടെ ഫോണിൽ നിന്നുള്ള അവസാന സന്ദശം. വിഷയത്തിൽ ജസ്നയുടെ ആൺ സുഹൃത്തിനെ ചുറ്റിപറ്റിയും അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ ജസ്നയുടെ പിതാവിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഒരു വർഷം മുൻപാണ് കേസ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത്.