യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് അനുചിതം; കൊവിഡ് ഡാറ്റ ചോര്‍ന്നത് ഗുരുതരം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍നിന്ന് വിട്ടുനിന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. യോഗത്തില്‍
മുഖ്യമന്ത്രി പങ്കെടുക്കാത്തത് അനുചിതമായെന്ന് കെ. സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റിലുടെ വിമര്‍ശിച്ചു.
കഴിഞ്ഞയോഗത്തില്‍ പങ്കെടുത്തുവെന്നതിനാലാണ് ഇത്തവണത്തെ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് പറയുന്നത്. കഴിഞ്ഞ തവണ പങ്കെടുത്ത പല സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ഇത്തവണയും അവലോകന യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് മഹാമാരിയെ ഒറ്റക്കെട്ടായാണ് രാജ്യം നേരിടുന്നത്. രാജ്യത്തെ പ്രധാനമന്ത്രിയും എല്ലാ മുഖ്യമന്ത്രിമാരും ഒരുമിച്ച് ഒരു ടീം എന്ന നിലയില്‍ കൊവിഡിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ കേരളമുഖ്യമന്ത്രി വിട്ടുനിന്നത് നീതീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറയുന്നു.
കൊവിഡ് ഡാറ്റ ചോര്‍ന്നത് ഗുരുതരമായ കാര്യമാണ്. സ്പ്രിംഗ്ളറിനെ സഹായിക്കാന്‍ മനപ്പൂര്‍വം ഡാറ്റാ ചോര്‍ത്തിയതാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
കണ്ണൂരും കാസര്‍കോടുമുള്ള മുഴുവന്‍ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ ചോര്‍ന്നതായിട്ടാണ് മനസിലാക്കുന്നത്. ഡാറ്റ ചോര്‍ന്നത് സ്വാഭാവികമാണെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമാണെന്ന് കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ കരുതലിനെക്കുറിച്ചും ഒപ്പമുണ്ടാകുമെന്നും വാതോരാതെ പറയുന്ന സര്‍ക്കാരിന്റെ ആരോഗ്യമന്ത്രിയാണ് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ന്നത് സ്വാഭാവികമാണെന്ന വാദം ഉന്നയിക്കുന്നത്. ഇത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.