കോവിഡ് മഹാമാരി ഇന്ത്യയെ ദീര്‍ഘകാലം വലയ്ക്കും ; ജൂണ്‍ – ജൂലൈയില്‍ കോവിഡ് കേസുകള്‍ വര്ധിക്കാനിടയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഇന്ത്യയെ ദീര്‍ഘകാലം വലയ്ക്കാന്‍ സാധ്യതയുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജൂണ്‍-ജൂലൈയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയുണ്ട്. അതു മുന്നില്‍ക്കണ്ട് തയാറെടുപ്പുകള്‍ നടത്തണമെന്നും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. പ്രവാസികളുടെ തിരിച്ചുവരവ് കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാവരുത്.
ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ വിനയാകും. അവരെ ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനു കാരണമതാണ്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖാവരണങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കണം. വിട്ടുവീഴ്ച്ചയില്ലാത്ത നീണ്ട യുദ്ധമാണു രാജ്യം കോവിഡിനെതിരേ നടത്തുന്നത്. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ അടച്ചുപൂട്ടല്‍ നടപടിയിലൂടെ കഴിഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനം തടസപ്പെടരുത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനാല്‍ മിക്ക ആശുപത്രികളിലും മറ്റ് അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവര്‍ ബുദ്ധിമുട്ടിലാകുന്നു. പ്രത്യേകം സജ്ജീകരിച്ച ആശുപത്രികളില്‍ മാത്രം കോവിഡ് രോഗികളെ ചികിത്സിക്കണം. മറ്റ് ആശുപത്രികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കണം.
വെന്റിലേറ്ററുകളുടെ എണ്ണം സംസ്ഥാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മേയ് 15 വരെ ഭാഗികമായി തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ച് കേരളം. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാനത്തിനു വേണ്ടി ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ശ്രദ്ധയോടെ വേണമെന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും കേന്ദ്രത്തോട് വ്യക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ അറിയിച്ചു.