ജില്ലയിലെ 51 ആയുര്‍വേദ സ്ഥാപനങ്ങളിലും ,ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു
കാസർകോട് :ജില്ലയില്‍ ആയുര്‍വേദ കോവിഡ് 19 റസ്പോണ്‍സ് സെല്ലിന്റെ ആദ്യയോഗം ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. സ്റ്റെല്ലാ ഡേവിഡ് ന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ജില്ലയിലെ 51 ആയുര്‍വേദ സ്ഥാപനങ്ങളിലും ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ ഹോട്ട്സ്പോട്ടുകളുമായി പ്രഖ്യാപിച്ച മേഖകളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. എ എം എ ഐ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ പ്രതിനിധികളേയും സ്വകാര്യ ആയുര്‍വേദ കോളേജുകളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. 60 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കുള്ള പ്രത്യേക പദ്ധതിയായ സുഖായുഷ്യത്തില് ജില്ലയിലെ വൃദ്ധജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ശക്തിപ്പെടും.
ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ ഇതേ വരെ നടത്തിയ കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ഇന്ദു ദീലിപ് വിശദീകരിച്ചു.
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജിത്കുമാര്‍ കെ.സി. (ഡി.പി.എം), കാസര്‍കോട് ഗവ. ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. വിജയകുമാര്‍, കാഞ്ഞങ്ങാട് പി.എന്‍.പി.എസ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഐ.കെ മധുസൂദനന്, ജില്ലാ പ്രസിഡണ്ട് ഡോ. ജി.കെ. സീമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.