സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറ് പേർക്കും, ഇടുക്കിയിൽ നാല് പേർക്കും, പാലക്കാട് ഇടുക്കി കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നരാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. രോഗമുക്തരായതും 13 പേരാണ്. കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ഒന്നുവീതം പേർക്കുമാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തിയ ആളാണ്. ഒരാൾക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് പരിശോധിച്ച് വരികയാണ്. ബാക്കിയെല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ മാസം 21-ാം തീയതി മുതൽ കേരളത്തിലെ കേസുകളുടെ എണ്ണം കൂടി വരുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. അതിർത്തി കടന്ന് വരുന്നവരെ കർശനമായ പരിശോധനകൾക്ക് വിധേയരാക്കാനാണ് തീരുമാനം.
ലോക്ക്ഡൗൺ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേർത്തിരുന്നു. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ല എന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുത്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന് മുന്നോടിയായി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ വിളിക്കുകയും ചെയ്തു. ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ യോഗത്തിൽ നിലപാടെടുത്തത്. ഇതേ നിലപാട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായോട് ആവർത്തിക്കുകയും ചെയ്തു.