ലോക്ഡൗണ്‍ നീട്ടല്‍; അഭിപ്രായം ചോദിച്ച് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചു
തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച അഭിപ്രായം അറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. ഫോണില്‍ വിളിച്ചാണ് അദ്ദേഹം സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞത്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രി എഴുതി നല്‍കുകയും ചെയ്തു. സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗത്തിന്റെ അവസ്ഥ, ലോക്ഡൗണ്‍ മാറ്റുകയാണെങ്കില്‍ അത് ഏത് തരത്തിലാകണം, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ചെല്ലാം സംസ്ഥാനം കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുത് എന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. തീവ്ര മേഖലകളിലൊഴികെ മറ്റെല്ലായിടത്തും ഇളവുകളാകാം. എന്നാല്‍ ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ഗുണകരമാകില്ല എന്ന നിര്‍ദേശമാണ് സംസ്ഥാനം നേരത്തെ തന്നെ മുന്നോട്ട് വെച്ചത്. അത് ഇന്നും ആവര്‍ത്തിച്ചു.