മൂന്നാം ഘട്ടത്തിലും സാമൂഹ്യവ്യാപനമില്ല, ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചതിൽ ആശങ്ക വേണ്ട : മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സാമൂഹ്യവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇടുക്കിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടതില്‍ ആശങ്ക വേണ്ടെന്നും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും പിസിആര്‍ പരിശോധനയ്ക്കാണ് കേരളം മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍നിന്ന് സമൂഹവ്യാപനത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ല. സിംഗപുരിലൊക്കെ ലോക്ക്ഡൗണ്‍ നീക്കിയ ശേഷം സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നാം ഒറ്റക്കെട്ടായി ഉണര്‍ന്നുതന്നെ ഇരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗികളുമായി ഇടപഴകിയവര്‍, രോഗബാധിത മേഖലകളില്‍നിന്ന് വരുന്നവര്‍ എന്നിവര്‍ക്കും റാന്‍ഡം ടെസ്റ്റിങ്ങിനും ആണ് പരിശോധനാ കിറ്റുകള്‍ ഉപയോഗിച്ചത്. അവശ്യ സന്ദര്‍ഭങ്ങളില്‍ കിറ്റുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായിരുന്നു ഇങ്ങനെ ചെയ്തത്. ടെസ്റ്റിങ്ങിന് സ്വീകരിച്ച ഈ രീതി ശരിയായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണ്. മുന്‍ഗണനാ ക്രമത്തിലായിരിക്കും കൊണ്ടുവരിക. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, ചികിത്സാര്‍ഥം ഇവിടേയ്ക്ക് വരുന്നവര്‍ ഇങ്ങനെയുള്ള ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരില്ല. കേന്ദ്രസര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ഗള്ഫില്നിന്നെത്തുന്നവര്ക്ക് എല്ലാവിധ സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായാല്‍ വേണ്ടവിധത്തില്‍ ശ്രദ്ധകൊടുത്ത് ഉടന്‍തന്നെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ശരിയായ വിധത്തില്‍ സുരക്ഷാ മുന്‍കരുതലുകളെടുത്ത് വേണം രോഗികളുമായി ഇടപെടാനെന്ന് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ പ്രത്യേകിച്ച് സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.