“അഞ്ചാം ക്ലാസ് മുതല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്ന വിദ്യാർഥി തിരുവനന്തപുരത്തുണ്ട്’; സര്‍ക്കുലര്‍ കത്തിച്ച അധ്യാപകർക്ക് മറുപടി
തിരുവനന്തപുരം : ദുരിതം അനുഭവിക്കുന്നവരോടുള്ള കുട്ടികളുടെ കരുതല്‍ വളരെ വലുതെന്ന് മുഖ്യമന്ത്രി. സാലറി ചലഞ്ചിന് ഉത്തരവിട്ട സര്‍ക്കുലര്‍ കത്തിച്ച് അധ്യാപകര്‍ പ്രതിഷേധിച്ച സംഭവത്തെക്കുറിച്ച് പറയവേയാണ് തിരുവനന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ത്ഥിയെക്കുറിച്ച് മുഖ്യമന്ത്രി വിവരിച്ചത്. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് അഞ്ചാം ക്ലാസ് മുതല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. തിരുവനന്തപുരം പ്ലാത്താങ്കര സ്വദേശിയാണ് വിദ്യാര്‍ത്ഥി.
കഴിഞ്ഞ ഓഗസ്റ്റില്‍ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭാവന സ്വീകരിക്കാനുള്ള ഒരു പദ്ധതിയുമായി ആദര്‍ശ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. ദുരിതം അനുഭവിക്കുന്നവരെക്കുറിച്ചുള്ള കുട്ടികളുടെ കരുതല്‍ എത്രമാത്രമെന്ന് തെളിയിക്കുന്ന അനുഭവമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
വിഷുവിന് ലഭിച്ച കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമോയെന്ന അഭ്യര്‍ത്ഥന കുട്ടികള്‍ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ പേര് വിവരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ആ കുഞ്ഞ് മനസുകളുടെ വലുപ്പം ലോകം അറിയാനാണ്. വിഷു കൈനീട്ടവും കളിപ്പാട്ടങ്ങള്‍ വാങ്ങാനുള്ള പണവും കുട്ടികള്‍ നല്കുമ്പോള് റമദാന് കാലത്തെ ദാനധര്‍മ്മങ്ങള്‍ക്ക് നീക്കിവെച്ച തുകയിലൊരു പങ്ക് ദുരിതാശ്വാസത്തിന് നല്കുന്ന സുമനസ്സുകളുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.