‘മെയ് ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കും, അല്ലാതെ ജീവിക്കാന്‍ കഴിയില്ല, നിങ്ങള്‍ കേസെടുത്തോളൂ’: ടി. നസിറുദ്ദീന്‍
തിരുവനന്തപുരം: മെയ് ഒന്നാം തിയതി മുതല്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. തിങ്കളാഴ്ച മുതല്‍ കടകള്‍ വൃത്തിയാക്കി തുടങ്ങും. ഒന്നാം തിയതി മുതല്‍ കച്ചവടം തുടങ്ങാനാണ് തീരുമാനമെന്നും ടി. നസിറുദ്ദീന്‍ പറഞ്ഞു.
‘എല്ലാവരും കൂടി തിങ്കളാഴ്ച കടകള്‍ വൃത്തിയാക്കിവെച്ചിട്ട് മെയ് ഒന്നാം തിയതി, അന്ന് തൊഴിലാളി സ്വാതന്ത്ര്യദിനമായതുകൊണ്ട് ഒന്നിച്ചു തുറക്കാനാണ് തീരുമാനം. ഞങ്ങള്‍ കടകള്‍ തുറക്കും. നിങ്ങള്‍ കേസെടുത്തോളൂ. പത്ത് ലക്ഷം വ്യാപാരികള്‍ക്കെതിരെയും കേസെടുത്തോളൂ. കേസ് എടുക്കുന്നതില്‍ വിരോധമില്ല. നിങ്ങള്‍ നിങ്ങളുടെ പണിയെടുത്തോളൂ. ഞങ്ങള്‍ തുറക്കും. തുറക്കാതെ കഴിയില്ല. ജീവിക്കാന്‍ കഴിയില്ല’, അദ്ദേഹം പറഞ്ഞു.
ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് കടകള്‍ തുറക്കാമെന്നാണ് കേന്ദ്രം പറയുന്നതെന്നും കേരളത്തിലെ 90 ശതമാനം കടകളും ഇത്തരത്തിലുള്ളതാണെന്നും ടി. നസിറുദ്ദീന്‍ പറഞ്ഞു. കടകള്‍ പൂട്ടാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം വന്നപ്പോള്‍ ഒന്നും നോക്കാതെ
ഈ മാരകമായ വിപത്തിനെതിരെ കടപൂട്ടി സഹകരിച്ചവരാണ് ഞങ്ങള്‍.
അന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് ദിവസം കഴിയുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന മറ്റുകടകളും ഇറച്ചി മത്സ്യ കടകളും തുറക്കാമെന്നതായിരുന്നു കരുതിയത്.
ഇവിടെ ഒരു മാസം കഴിയുമ്പോള്‍ കേടുവരുന്ന സാധനങ്ങള്‍ ഉണ്ട്. രണ്ട് മാസം വെക്കാവുന്നത് ഉണ്ട്. വര്‍ഷങ്ങളോളം വെക്കാവുന്ന സ്വര്‍ണം, തുണി പോലുള്ള മറ്റു സാധനങ്ങള്‍ ഉണ്ട്. അതില്‍ വ്യക്തമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വരെ സര്‍ക്കാരിനോട് പറഞ്ഞിട്ടും തീരുമാനമായില്ല.
മുഖ്യമന്ത്രിയ്ക്കും ധനകാര്യമന്ത്രിയ്ക്കും കേന്ദ്രമന്ത്രിക്കും ഇത്തരത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കേന്ദ്രസര്‍ക്കാരി്ന്റെ ഒരു പ്രസ് റിലീസ് വായിക്കുകയുണ്ടായി ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കടകള്‍ എല്ലാം തുറക്കാമെന്നാണ് അതില്‍ പറയുന്നത്. കേരളത്തിലെ 90 ശതമാനം കടകളും ഇത്തരത്തിലുള്ളതാണ്.- അദ്ദേഹം പറഞ്ഞു.