ആശങ്ക അകലുന്നില്ല, രാജ്യത്ത് കൊവിഡ് ബാധിതര്‍ കാൽ ലക്ഷത്തിലേക്ക്; മരണം 775 ആയി
രാജ്യത്ത് മഹാരാഷ്ട്ര,തമിഴ്നാട്,ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ദില്ലിയിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്.
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 775 ആയി ഉയര്‍ന്നു. 24,506 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കുറുകള്‍ക്കിടെ രാജ്യത്ത് 1,429 പേര് രോഗബാധിതരായതായും 57 പേര്‍ക്ക് ജീവന് നഷ്ടമായെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ദില്ലിയിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്.
രാജ്യത്ത് ഒരു ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയ ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. 1,02189 പേരെയാണ് ഇതുവരെ പരിശോധിച്ചത്. ഇതിൽ 6718 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 394 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 18 പേർ മരിച്ചതോടെ മരണ സംഖ്യ 300 കടന്നു. സംസ്ഥാനത്ത് മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുന്നത്.
തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ 1755 ആയി. ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും രോഗബാധിതര്‍ കൂടി. തെങ്കാശിയില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുളിയന്‍കുടി ഗ്രാമത്തിലാണ് കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്തണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ ഉള്‍പ്പടെ വില്‍പ്പനയ്ക്ക് വിലക്കുണ്ട്.
ദില്ലിയില്‍ രോഗ ബാധിതർ 2514 ആയി ഉയര്‍ന്നു. ഇതുവരെ 53 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ബിജെആർ എം ആശുപത്രിയിൽ പതിനൊന്ന് ഡോക്ടർമാർ ഉൾപ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നുണ്ട്. അതേ സമയം ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2815 ആയി. ഇന്നലെ 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 15 പേർ മരിച്ചപ്പോൾ അതിൽ 14 അഹമ്മദാബാദിലാണ്. സംസ്ഥാനത്തെ 65 ശതമാനം രോഗികളും അഹമ്മദാബാദിലാണ്. നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളിയായ പൊലീസ് ഉദ്യോഗസ്ഥയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.