സ്പ്രിന്ക്ലര് കരാറില് സർക്കാർ നിലപാട് അപകടകരമെന്ന് കോടതി; സ്വകാര്യത പ്രധാനം
കൊച്ചി: സ്പ്രിൻക്ലർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് അപകടകരമായ നിലപാടാണെന്ന് ഹൈക്കോടതി. കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തെന്നു വ്യക്തമല്ലെന്നിരിക്കെ വിഷയത്തെ ലാഘവത്തോടെ കാണരുത്. ലോകാരോഗ്യ സംഘടനയ്ക്ക് ഡാഷ്ബോർഡ് നിർമിച്ചു നൽകിയത് അവരുടെ എസ്എഎസ് സേവനവുമായി ബന്ധപ്പെടുത്തരുത് എന്നു വ്യക്തമാക്കിയ കോടതി രോഗത്തെക്കാൾ മോശമായ രോഗ പരിഹാരമാണോ സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്നും സർക്കാരിനോട് ആരാഞ്ഞു.
‘വീട് പൊന്നാപുരം കോട്ട, കമല ഇന്റർനാഷനൽ ഭാര്യയുടേത്: വിവാദങ്ങൾ പണ്ടും’
കേസിൽ കക്ഷിചേർക്കപ്പെട്ട രമേശ് ചെന്നിത്തല, സി.ആർ. നീലകണ്ഠൻ, ഐടി വിദഗ്ധൻ തുടങ്ങിയവരുടെ വാദത്തിനു ശേഷം സർക്കാർ അഭിഭാഷക വാദം തുടരുന്നതിനിടെയാണ് സർക്കാർ നടപടിക്കെതിരെയുള്ള കോടതിയുടെ പരാമർശം.
ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതു സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് അഭിഭാഷക പറഞ്ഞപ്പോൾ അത് എടുത്തു പറഞ്ഞ് വിവര സുരക്ഷിതത്വത്തിൽ കൂടുതൽ കരുതൽ വേണ്ടത് സർക്കാരിനു തന്നെയെന്ന് ഹൈക്കോടതിയും വിശദീകരിച്ചു. 2020ലെ പകർച്ചവാധി ഓർഡിനൻസ് പ്രകാരം ഡാറ്റ ശേഖരിക്കാൻ സർക്കാരിന് അധികാരമുണ്ട്. അത് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരമാണു നടക്കുന്നത് എന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമെന്നും സർക്കാരിനു വേണ്ടി ഹാജരായ മുംബൈയിൽ നിന്നുള്ള സൈബർ വിദഗ്ധയായ അഭിഭാഷക എൻ.എസ്. നപ്പിനൈ വിശദീകരിച്ചു.
സ്പ്രിൻക്ലർ കമ്പനി കരാർ ലംഘിച്ചാൽ അമേരിക്കയിൽ മാത്രമേ നിയമ നടപടി എടുക്കാൻ കഴിയു എന്ന വിവരം സർക്കാർ കോടതിയിൽ സമ്മതിച്ചു. എന്നാൽ ഏതെങ്കിലും തരത്തിൽ വിവരച്ചോർച്ചയുണ്ടായാൽ പൊതു ജനങ്ങൾക്ക് ക്രിമിനൽ നടപടിയുമായി രാജ്യത്തെ കോടതികളെ സമീപിക്കാമെന്നും കോടതിയെ അറിയിച്ചു.
അഞ്ചു ലക്ഷം പേരുടെ ഡേറ്റ കൈകാര്യം ചെയ്യാൻ സർക്കാരിന് ശേഷി ഇല്ലേ എന്ന് ചോദിച്ച കോടതി എന്തു കൊണ്ട് കേന്ദ്ര ഏജൻസികളുടെ സേവനം ഉപയോഗിച്ചില്ല? എന്ത് കൊണ്ടു സ്പ്രിൻക്ലറിനെ തിരഞ്ഞെടുത്തു? തിരക്കിട്ട് എന്തുകൊണ്ടു സ്പ്രിൻക്ലറിലേക്കു പോയി? ഇന്ത്യയിലെ ഏജൻസികളെ എന്ത്ു കൊണ്ടു പരിഗണിച്ചില്ല? സ്പ്രിൻക്ലർ താല്പര്യം പ്രകടിപ്പുച്ചു എന്നതാണോ മാനദണ്ഡം? ഇങ്ങനെ ആണോ കമ്പനികളെ തിരഞ്ഞെടുക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു. കേന്ദ്രം സേവനം നൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട് എന്ന കാര്യവും സർക്കാരിനെ അറിയിച്ചു.
സ്പ്രിൻക്ലർ സൗജന്യ സേവനം നൽകാൻ തയാറായറായെന്നായിരുന്നു ഇതിന് സർക്കാരിന്റെ വിശദീകരണം. അടിയന്തര സാഹചര്യമായതിനാലാണ് ഇത്തരം ഒരു നടപടിയിലേയ്ക്ക് പോകാൻ കാരണമെന്നും സർക്കാര് വിശദീകരിച്ചു.
ഡേറ്റ സ്പ്രിൻക്ലറിനു കൈമാറിയോ എന്ന കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം അവ്യക്തം ആണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ കോടതിയിലുയർത്തിയ പ്രധാന വാദം. സ്പ്രിൻക്ലറിന്റെ പ്രൈവസി പോളിസി എന്താണെന്നൊ ഡാറ്റ കൈമാറിയോ എന്നൊ ഉള്ള വിവരങ്ങൾ അവ്യക്തമാണ്. ഡാറ്റ നൽകേണ്ട വ്യക്തിയുടെ അനുമതിയുണ്ടോ എന്നതിലും വ്യക്തതയില്ലെന്നും ഹർജിക്കാർ വാദിച്ചു. തന്റെ മകൾ വിദേശത്തു നിന്ന് വന്ന് ക്വാറന്റീനിലായിരുന്നു. അവരുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ ആശങ്കയുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ കോടതിയിൽ ബോധിപ്പിച്ചു.