കോവിഡ് ചികിത്സക്ക് യുഎഇയിൽ മൂന്ന് ആശുപത്രികൾ കൂടി തുറക്കുന്നു
ദുബായ് :ദുബായ് വേൾഡ് ട്രേഡ് സെൻററിനു പിന്നാലെ രണ്ട് ഫീൽഡ് ആശുപത്രികൾ അബുദാബിയിലും ഒരെണ്ണം ദുബായിലും തുറക്കുന്നു. 3400 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാൻ ഇതിൽ സൗകര്യമുണ്ടാകും. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം അബുദാബി ഹെൽത്ത് സർവീസ് കമ്പനിയായ സേഹ ആണ് ഫീൽഡ് ആശുപത്രികൾ തുറക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ ആണ് ആശുപത്രിയുടെ നിർമ്മാണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ, ടിവി, ഹൈസ്പീഡ് ഇൻറർനെറ്റ്, ഐപാഡ്, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ഇതിലുണ്ട്. രോഗികളുടെ മാനസിക ഉല്ലാസത്തിനും വിനോദ പരിപാടികൾക്കുമായി സിനിമയും മറ്റ് സൗകര്യങ്ങളും വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. മെയ് ആദ്യവാരം മുതലാണ് ഇവിടേക്ക് രോഗികളെ പ്രവേശിപ്പിക്കുക.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഹ്യൂമാനിറ്റീസ് സിറ്റിയിലെ ആശുപത്രി, അബുദാബി എക്സിബിഷൻ സെൻററിൽ ആരംഭിക്കുന്ന ആശുപത്രി എന്നിങ്ങനെ രണ്ട് ആശുപത്രികളാണ് അബുദാബിയിൽ ഒരുങ്ങുന്നത്. ദുബായിലെ ആശുപത്രി ദുബായ് പാർക്സ് ആൻഡ് റിസോർട്ടിലും ആണ്. ഇതിൽ ദുബായിലെ ആശുപത്രി ഈ മാസം അവസാനത്തോടെ പ്രവർത്തനസജ്ജമാകും.