റമദാന് കാലത്തെ ദാനധര്മ്മങ്ങളില് ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കാന്തപുരം;’ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല’
കോഴിക്കോട് : റമദാന് കാലത്തെ ദാനധര്‍മ്മങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കും നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കാന്തപുരം പറഞ്ഞു.
“ദാനധര്‍മ്മങ്ങളുടെ മാസമാണ് റമദാന്. കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. ദാനധര്മ്മങ്ങളില് ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയല്ല. രാജ്യത്തെ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാനാണത്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കേണ്ട എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല,” കാന്തപുരം ന്യൂസ് 18 നോട് പറഞ്ഞു.
ഇന്നലെ സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒരോ ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 437 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 127 പേര് നിലവില്‍ ചികിത്സയിലാണ്. ഇന്നലെ മാത്രം മാത്രം 95 പേര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിലും ഇന്നലെ തീരുമാനമായി. ഒരു മാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് തീരുമാനം. അഞ്ച് മാസം ഇതേ രീതിയില്‍ ശമ്പളം ഈടാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തുക തിരികെ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ നാല് മന്ത്രിസഭാ യോഗങ്ങളില്‍ മാറ്റിവെച്ച സാലറി ചലഞ്ചിലാണ് ബുധനാഴ്ച മന്തിസഭ തീരുമാനമെടുത്തത്.