ബേഡഡുക്കയില്‍ കോഴി വസന്ത രോഗവും വിരശല്യവും വ്യാപകം; കോഴികള്‍ കൂട്ടത്തോടെ ചാകുന്നു
ബേഡകം: കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കോഴി വസന്തയും വിരശല്യവുമാണെന്ന നിഗമനത്തില്‍ മൃഗസംരക്ഷണ വകുപ്പ്. ബേഡഡുക്ക പഞ്ചായത്തിലെ ചെമ്പക്കാട് പ്രദേശത്താണ് കോഴികള്‍ രോഗം ബാധിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. കോഴികള്‍ ചാകുന്നത് പതിവായതോടെ നാട്ടുകാര്‍ മൃഗസംരക്ഷണ വകുപ്പിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നാല്പതിലേറെ കോഴികള്‍ ചത്തു. കോഴിക്കുഞ്ഞുങ്ങള്‍ക്കും അസുഖബാധയേറ്റിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ചത്ത കോഴികളെ പരിശോധിച്ചു.
കോഴി വസന്തരോഗവും വിരശല്യവുമാകാം കോഴികള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. അനിമല്‍ ഡിസീസ് കണ്ട്രോള് പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ടിറ്റോ ജോസഫ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ജെ. സേതുലക്ഷ്മി, ബേഡഡുക്ക മൃഗാസ്പത്രി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എം. അംബിക എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശത്ത് എത്തി പരിശോധന നടത്തിയത്. കോഴി വസന്തരോഗം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.