ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 ടണ്‍ പഴകിയ മത്സ്യം പിടികൂടി
കാഞ്ഞങ്ങാട്: ഗുജറാത്തില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്നു 10 ടണ്‍ പഴകിയ മത്സ്യം പിടികൂടി. ഇന്ന് പുലര്‍ച്ചെ ചെറുവത്തൂര്‍ ചെക്ക് പോസ്റ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തേക്ക് കടത്തു ന്നതിനിടയില്‍ പിടികൂടിയ ഏറ്റവും വലിയ ശേഖരമാണിത്. പിടികൂടിയ മത്സ്യം അവിടെ വെച്ച് തന്നെ പരിശോധിച്ചു. പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടില്ലെന്ന് വ്യക്തമായി. അതേസമയം അഞ്ചു ദിവസം പഴക്കമുള്ളതിനാല്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഭക്ഷ്യയോഗ്യമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സഞ്ചരിക്കുന്ന പരിശോധന സംവിധാനം എത്തിച്ചാണ് ഇവ പരിശോധിച്ചത്. 20 ഇനം മത്സ്യമാണ് കണ്ടെയ്നര്‍ നിറയെ ഉണ്ടായിരുന്നത്. 320 പെട്ടികളില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കെ.പി മുസ്തഫ, കാസര്‍കോട് ഫുഡ്സേഫ്റ്റി അസി. കമ്മീഷണര്‍ പി.യു ഉദയശങ്കര്‍, പി.വി രാജു, എം. ശ്രീനിവാസന്, പി.കെ വിജയന്, വി.കെ സിനോജ്, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.