പ്ലാസ്മാദാനത്തിന് തയാറായി കോവിഡ് ഭേദമായ തബ്ലീഗുകാര്; തമിഴ്നാട്ടില്‍ മുന്നോട്ട് വന്നത് 42 പേര്
ചെന്നൈ: തമിഴ്നാട്ടില്‍ പ്ലാസ്മാദാനത്തിന് തയ്യാറായി കൊവിഡ് ഭേദമായ മുസ്ലിങ്ങള്‍. ദല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കൊവിഡ് ബാധിച്ച് രോഗം ഭേദമായവരാണ് പ്ലാസ്മ ദാനത്തിന് തയ്യാറായി മുന്നോട്ടു വന്നത്.
കൊവിഡ് ഭേദമായവരില്‍ നിന്നും ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് പ്ലാസ്മ ചികിത്സ. ഇതിന് തയ്യാറാണെന്നറിയിച്ചാണ് ഇവര്‍ മുന്നോട്ടു വന്നത്.
അതേസമയം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കൊവിഡ് ബാധിച്ചവര്‍ രോഗം ഭേദമായിക്കഴിഞ്ഞാല്‍ പ്ലാസ്മാദാനം നടത്തണമെന്ന് തബ്ലീഗ് ജമാഅത്ത് തലവന്‍ തലവന്‍ മൗലാനാ സാദ് ആഹ്വാനം ചെയ്തിരുന്നു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ’ ചെറുക്കുന്നതിനൊപ്പം രോഗാവസ്ഥയില്‍ കിടക്കുന്ന രോഗികളെ സഹായിക്കുക എന്നതുകൂടിയാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് രോഗം ഭേദമായവര്‍ പറയുന്നു.
തിരുപ്പൂരുകാരനായ 38 കാരന് മുഹമ്മദ് അബ്ബാസ് കഴിഞ്ഞ ദിവസമാണ് ഇ.എസ്.ഐ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവുന്നത്. ഡിസ്ചാര്‍ജ് ആയ ഇദ്ദേഹം ജില്ലാ ഭരണകേന്ദ്ര ഉദ്യോഗസ്ഥരെ സമീപിക്കുകയും പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു.
‘ഡിസ്ചാര്‍ജായ ഉടന്‍ ഞാന്‍ പോയത് ജില്ലാ ഭരണാധികാരികളെ കാണാനാണ്. അവരെയും ആശുപത്രി അധികൃതരെയും കണ്ട് ഞാന്‍ പ്ലാസ്മ നല്കാന് തയ്യാറാണെന്ന് അറിയിച്ചു. എപ്പോള്‍ ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാമെന്നും ഞാന്‍ പറഞ്ഞു,’ മുഹമ്മദ് അബ്ബാസ് പറഞ്ഞു.
താന്‍ ഡിസ്ചാര്‍ജ് ആയിട്ട് ഒരു ദിവസമേ ആയിട്ടുള്ളുവെന്നും ഞാന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കൊവിഡ് ബാധിച്ച് രോഗം ഭേദമായ മറ്റുള്ളവരുടെ അടുത്തും ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം രോഗം സ്ഥിരീകരിക്കുകയും ഇപ്പോള്‍ രോഗം ഭേദമാവുകയും ചെയ്ത 42 ഓളം പേര് ഇത്തരത്തില്‍ പ്ലാസ്മ ദാനത്തിന് തയ്യാറാണെന്ന് കൊവിഡ് ഭേദമായ തേനി സ്വദേശിയായ ഉസ്മാന് അലി വ്യക്തമാക്കി.
ആദ്യം ആളുകള്‍ ഭയപ്പെട്ടെങ്കിലും പ്ലാസ്മ തെറാപ്പിയെക്കുറിച്ച് വിശദീകരിച്ചു കൊടുത്തപ്പോള്‍ ആളുകള്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി ആരോപണങ്ങള്‍ പങ്കെടുത്തവര്‍ക്കെതിരെയും മുസ്ലിം വിഭാഗത്തിനെതിരെയും ഉയര്‍ത്തിയിരുന്നു.