വിവരങ്ങള്‍ സി-ഡിറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലെന്ന് സര്‍ക്കാര്‍; സ്പ്രിംക്ലര്‍ കേസ് 24 ലേക്ക് മാറ്റി ഹൈക്കോടതി
കൊച്ചി: സ്പ്രിംക്ലര്‍ വിവാദത്തില്‍ ഈ മാസം 24 ന് വീണ്ടും ഹരജി പരിഗണിക്കുമെന്ന് ഹൈക്കോടതി. സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ സ്പ്രിംക്ലറിന് ഇനി ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം വ്യക്തിസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കൊവിഡ് ഭീതിയില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിവരങ്ങള്‍ സി-ഡിറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും സേവനം സൗജന്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന്റെ മറുപടി അപകടകരമെന്ന് കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗമില്ലേയൈന്നും ചികിത്സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്നും കോടതി ചോദിച്ചു. കൃത്യമായ ഉത്തരങ്ങള്‍ ഇല്ലാതെ ഇനി ഡാറ്റാ അപ് ലോഡ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.