റാന്നിയിലെ വീട്ടമ്മയുടെ പരിശോധനാഫലം 18-ാം തവണയും പോസിറ്റീവ്!
സംസ്ഥാനത്തുതന്നെ കൊവിഡ് സ്ഥിരീകരിച്ച് ഇത്രയധികം കാലം ചികിത്സയിലുള്ളത് ഇവർ മാത്രം.
റാന്നിയിലെ വീട്ടമ്മയുടെ പരിശോധനാഫലം 18-ാം തവണയും പോസിറ്റീവ്!
സുധീര്‍ കെ.ചന്ദനത്തോപ്പ്
തിരുവനന്തപുരം: കൊവിഡ്19 പിടിപെട്ട് പത്തനംതിട്ട കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള 62കാരിയുടെ പരിശോധനാ ഫലം 18-ാം തവണയും പോസിറ്റീവ്! വടശേരിക്കര ചെറുകുളഞ്ഞി സ്വദേശിയാണ് കഴിഞ്ഞ മാർച്ച് ഒമ്പതു മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മാർച്ച് പത്തിന് ഇവർക്ക് രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്തുതന്നെ കൊവിഡ് സ്ഥിരീകരിച്ച് ഇത്രയധികം കാലം ചികിത്സയിലുള്ളത് ഇവർ മാത്രം. ഇറ്റലിയിൽനിന്നെത്തിയ റാന്നി ഐത്തല സ്വദേശികളുടെ സമ്പർക്കപട്ടികയിൽ പെട്ടതാണ് വീട്ടമ്മ. ഇവർക്കും ഇരുത്തെട്ടുകാരിയായ മകൾക്കുമാണ് രോഗം പിടിപെട്ടത്. 31ന് മകളുടെ പരിശോധനാഫലം നെഗറ്റീവായി. മകള്‍ കഴിഞ്ഞദിവസം ആശുപത്രി വിട്ടു.
ഇത്ര നീണ്ട കാലയളവിൽ പോസീറ്റീവ് ആയി തുടരുന്ന വീട്ടമ്മയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു ഡോക്ടർമാർ പറഞ്ഞു.
ലോക്ഡൗൺ ആരംഭിച്ച് 28 ദിവസം പിന്നിടുന്നതോടെ സംസ്ഥാനത്തുതന്നെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയും. സംസ്ഥാനത്തേക്കുള്ള വ്യോമ, റെയിൽ ഗതാഗതം നിലനിന്നിരുന്ന അവസാനദിനം വരെയും എത്തിയവരെയാണ് 14 മുതൽ 28 ദിവസം വരെ ക്വാറന്റൈനിലാക്കിയത്. എന്നാൽ, നിരീക്ഷണ കാലാവധി കഴിഞ്ഞും പലരിലും കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു.