തിരുവനന്തപുരം: കെ.എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ്സ്, മുഖ്യമന്ത്രിയുടെ ഭീകരമുഖം ഒന്നു കൂടി തുറന്ന് കാട്ടിയിരിക്കുകയാണെന്ന് വടകര എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്. രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി നേരിടുന്നതിനു പകരം കേസ്സുകളില്‍ കുടുക്കി നിശബ്ദരാക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ സമീപനമാണ് പിണറായി വിജയന്റേതെന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാതെ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചുതരിക കൂടിയാണ് പിണറായി വിജയന് ചെയ്തതതെന്നും അദ്ദേഹം ആരോപിച്ചു.
2014 ലെ സംഭവത്തിന്റെ പേരിലുള്ള 2017ലെ കള്ളപരാതിയിന്മേല് കേസ്സ് എടുത്തതിന്റെ ഉദ്ദേശം സാധാരണക്കാരനു പോലും മനസ്സിലാകുന്നതാണ്. മാത്രമല്ല എം.എല്‍.എ എന്ന നിലയില്‍ കേസെടുക്കുന്നതിന് സ്പീക്കര്‍ അനുമതി നല്‍കുന്നതിന് മുന്‍പ് എം എല്‍ എയുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയും വിവരം പാര്‍ട്ടി ചാനലില്‍ കൂടി സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്ത സ്പീക്കറുടെ നടപടി അത്യന്തം ഖേദകരവും സാമാന്യ മര്യാദയ്ക്ക് യോജിക്കാത്തതുമാണെന്നും കെ. മുരളീധരന് പറഞ്ഞു.
രാഷ്ട്രീയ പ്രേരിതമായ ഇത്തരം നടപടികള്‍ കൊണ്ടൊന്നും യു.ഡി.എഫ് നേതാക്കളെ നിശബ്ദരാക്കാമെന്നും തകര്‍ക്കാമെന്നും കരുതേണ്ട. ഇത്തരം നീക്കങ്ങളെ നിയമനടപടികളിലൂടെ നേരിട്ട് ജനങ്ങളുടെ മുമ്ബില്‍ സത്യസന്ധത തെളിയിക്കുമെന്നും കെ.എം.ഷാജിക്ക് എല്ലാ രാഷ്ട്രീയ പിന്തുണയും നല്‍കുന്നുവെന്നും എം.പി കൂട്ടിച്ചേര്‍ത്തു.