കേരളമാണ് ശരി, കോവിഡ് പ്രതിരോധം മികച്ചത്: കയ്യടിച്ച് ഇർഫാൻ പഠാൻ
ബറോഡ : കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ‘കേരള മോഡൽ’ ആഗോള തലത്തിൽത്തന്നെ കയ്യടി നേടിയ ഒന്നാണ്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായി. ഇതിനിടെ ഇതാ, കോവിഡ് പ്രതിരോധത്തിൽ കേരളം കൈക്കൊള്ളുന്ന നടപടികളെ പ്രശംസിച്ച് പ്രശസ്ത ക്രിക്കറ്റ് താരം ഇർഫാൻ പഠാനും രംഗത്ത്. കോവിഡ് 19നെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് പഠാൻ ട്വിറ്ററിൽ കുറിച്ചു.
‘കോവിഡ് 19നെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരേയൊരു പോസിറ്റീവ് കേസ് മാത്രം. തീർച്ചയായും അവർ ചെയ്യുന്നതാണ് ശരി. മാത്രമല്ല, രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റിങ് നടത്തുന്നതും കേരളം തന്നെ’ – ഈ മാസം 16നാണ് കേരളത്തെ പുകഴ്ത്തിയും മറ്റുള്ളവർക്കു മുന്നിൽ മാതൃകയായി അവതരിപ്പിച്ചും പഠാൻ ട്വീറ്റ് ചെയ്തത്.
Meanwhile #Kerala is doing well in the fight against #COVIDー19 Just one positive case in last 24 hours. They must be doing something right… apparently they have done the most number of testing also in the country
— Irfan Pathan (@IrfanPathan) April 16, 2020
നേരത്തെ, വൈറസിനെതിരായ പോരാട്ടത്തിൽ വ്യക്തിപരമായ സംഭാവനകളിലൂടെ സഹോദരൻ യൂസഫ് പഠാനൊപ്പം ഇർഫാനും രംഗത്തെത്തിയിരുന്നു. രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് ഇരുവരും ചേർന്ന് നൂറു ടൺ അരിയും 700 കിലോ ഉരുളക്കിഴങ്ങും വിതരണം ചെയ്തു. ബറോഡയിലെ പാവപ്പെട്ട ജനങ്ങൾക്കായാണ് ഇരുവരും അരിയും ഉരുളക്കിഴങ്ങും വിതരണം ചെയ്തത്. അതിനു മുൻപ് ബറോഡ പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരുവരും നഗരത്തിൽ 4000 മാസ്കുകളും വിതരണം ചെയ്തിരുന്നു.