പയസ്വിനിപ്പുഴയിലെ ഒഴുക്ക് നിലച്ചു; കാസർകോട് നഗരസഭ കടുത്ത ജലക്ഷാമത്തിലേക്ക്
ബോവിക്കാനം : പയസ്വിനിപ്പുഴയിലെ ഒഴുക്ക് നിലച്ചതോടെ കാസർകോട് നഗരസഭയും സമീപ പഞ്ചായത്തുകളും കടുത്ത ജലക്ഷാമത്തിലേക്ക്. ജല അതോറിറ്റിക്ക് അടുത്ത മാസം പകുതി വരെ വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ ബാവിക്കര സംഭരണിയിലുള്ളൂ. അതിനു ശേഷവും ജലവിതരണം മുടങ്ങാതിരിക്കാൻ ഇനി മഴ കനിയണം. ഒരാഴ്ച മുൻപാണ് പുഴയിലെ ഒഴുക്ക് പൂർണമായും നിലച്ചത്.
താഴ്ന്ന പ്രദേശങ്ങളിലും കയങ്ങളിലും കെട്ടി നിൽക്കുന്ന വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ആലൂരിൽ ഇത്തവണ നേരത്തെ തന്നെ താൽക്കാലിക തടയണ നിർമിച്ചതിനാൽ ബാവിക്കര സംഭരണിയിൽ ഉപ്പുവെള്ളം കയറിയിട്ടില്ല. സാധാരണ മാർച്ച് മാസത്തിൽ തന്നെ ഉപ്പുവെള്ള പ്രശ്നം തുടങ്ങാറുള്ളതാണ്. ഫെബ്രുവരി മാസത്തിൽ തന്നെ തടയണ പൂർത്തിയാക്കാൻ കഴിഞ്ഞതാണ് ജലഅതോറിറ്റിയുടെ തലവേദന ഒഴിവാക്കിയത്. പരമാവധി ഒരു മാസം വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ ഇതിലുള്ളൂ.
കാസർകോട് നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിലുമായി ഒരു ദിവസം 9 ദശലക്ഷം ലീറ്റർ വെള്ളമാണ് ജലഅതോറിറ്റി വിതരണം ചെയ്യുന്നത്. നഗരസഭയെ രണ്ട് മേഖലകളാക്കി തിരിച്ച് ഒരു ഭാഗത്ത് 2 ദിവസത്തിൽ ഒരിക്കലും രണ്ടാമത്തേതിൽ ദിവസവും വിതരണം ചെയ്യുന്നുണ്ട്. സംഭരണിയിൽ വെള്ളം കുറഞ്ഞാൽ ജലവിതരണവും കുറയ്ക്കേണ്ടി വരും.
പുഴയിൽ ഒഴുക്ക് നിലച്ചതോടെ കുണ്ടാർ, പാണ്ടിക്കണ്ടം തടയണകളിലും വെള്ളം കുറഞ്ഞു. കാർഷികാവശ്യത്തിനായി പുഴയെ ആശ്രയിക്കുന്ന കർഷകരും ആശങ്കയിലാണ്. കടുത്ത വെയിലും കൂടിയാകുമ്പോൾ പെട്ടെന്നാണ് വെള്ളം കുറയുന്നത്. കഴിഞ്ഞ 12 നു വേനൽമഴ ലഭിച്ചെങ്കിലും ജലനിരപ്പ് ഉയർന്നിട്ടില്ല. ഉദ്ഭവ സ്ഥാനമായ കർണാടക കുടകിൽ ലഭിക്കുന്ന മഴയാണ് പയസ്വിനിയെ ജലസമ്പന്നമാക്കുന്നത്.
പാണ്ടിക്കണ്ടം തടയണയിൽ കുറഞ്ഞത് ഒരു മീറ്റർ
ബാവിക്കര സംഭരണിയിൽ വെള്ളം കുറഞ്ഞാൽ 5 കിലോമീറ്റർ മുകളിലുള്ള പാണ്ടിക്കണ്ടം തടയണ തുറന്നുവിട്ടാണ് ജല അതോറിറ്റി പ്രശ്നം പരിഹരിച്ചിരുന്നത്. കഴിഞ്ഞ മാസം 24 നാണ് തടയണയുടെ ഷട്ടർ അടച്ചത്. 4 മീറ്റർ സംഭരണശേഷിയുള്ള തടയണയിൽ 23 ദിവസത്തിനിടെ ഒരു മീറ്റർ വെള്ളം കുറഞ്ഞു. 3 മീറ്റർ വെള്ളമാണ് ഇനി ബാക്കിയുള്ളത്. കടുത്ത ചൂടും കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതുമാണ് വെള്ളം കുറയാൻ കാരണം.
ചങ്കിടിച്ച് നെയ്യങ്കയം
2019 മെയ് 19 കാസർകോട്ടുകാർ മറക്കിനിടയില്ല. പയസ്വിനിപ്പുഴയിലെ നെയ്യങ്കയം വറ്റി മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് അന്നാണ്.പതിനായിരക്കണത്തിനു മീനുകൾ ശ്വാസം കിട്ടാതെ പിടഞ്ഞു ചത്തത് വരൾച്ചയുടെ നേർക്കാഴ്ചയായിരുന്നു. സമീപത്തെ കുളത്തിൽ നിന്നു വെള്ളം പമ്പ് ചെയ്തു വിട്ടാണ് അവശേഷിക്കുന്ന മീനുകളെ നാട്ടുകാർ സംരക്ഷിച്ചത്. പൊലീസും ജൈവ വൈവിധ്യ ബോർഡും സഹായങ്ങൾ നൽകി.
തുടർന്നു നടത്തിയ പഠനത്തിൽ നൂറോളം ഇനത്തിൽ പെട്ട മീനുകളെ നെയ്യങ്കയത്തിൽ കണ്ടെത്തി. പുഴ വറ്റിയതോടെ ഇപ്പോൾ ഇതിലും വെള്ളം കുറഞ്ഞു. വെള്ളം പമ്പിങിന് നിയന്ത്രണം ഏർപ്പെടുത്തിയും മീൻപിടിത്തം തടഞ്ഞും നാട്ടുകാർ ഇവയെ സംരക്ഷിക്കാൻ മുന്നിലുണ്ട്. എന്നാലും പുഴ വറ്റിയാൽ എന്തു ചെയ്യുമെന്ന സംശയവും ഇവർക്കുണ്ട്.