മുംബൈയിൽ നാവികസേനയിൽ 21 നാവികർക്ക് കൊവിഡ്, കൂടുതൽ പടർന്നിട്ടില്ലെന്ന് സേന
പോസിറ്റീവായ മിക്കവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നാണ് നാവികസേന വ്യക്തമാക്കുന്നത്. വിപുലമായി സേനയിൽ നടത്തിയ പരിശോധനയിലാണ് 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മുംബൈ: നാവികസേനയിൽ 21 പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുംബൈയിലെ നാവികസേനാ ആസ്ഥാനത്തുള്ള ഐഎൻഎസ് ആൻഗ്രെ എന്ന കപ്പലിലെ 21 നാവികർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് നാവികസേനയിൽ കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിക്കുന്നത്. നേരത്തേ ഏപ്രിൽ 7-ന് ഒരു നാവികന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
നിലവിൽ ഒരു യുദ്ധക്കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ജോലി ചെയ്യുന്ന ആർക്കും രോഗബാധയില്ലെന്ന് നാവികസേന വ്യക്തമാക്കി. ഏപ്രിൽ 7-ന് മുംബൈയിൽ രോഗബാധയുണ്ടായ നാവികനുമായി സമ്പർക്കം പുലർത്തിയവരുമായി ബന്ധപ്പെട്ട് സേനയിൽ വ്യാപകമായ പരിശോധന നടന്നിരുന്നു. ഇതിലാണ് 21 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ഐഎൻഎസ് ആൻഗ്രെ (INS Angre) എന്ന കപ്പലിൽ ജോലി ചെയ്യുന്ന നാവികർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് ഒരു മാതൃ-കപ്പലാണ്. അതായത് പടിഞ്ഞാറൻ നാവികകമാൻഡിലെ കപ്പലുകളിലേക്ക് സാധനങ്ങളും ലോജിസ്റ്റിക്സും എത്തിക്കാനും ഭരണപരമായ കാര്യങ്ങൾ നടത്താനും ഉപയോഗിക്കുന്ന, നിലവിൽ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ.
ഏപ്രിൽ 7-ന് നാവികന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വിപുലമായ പരിശോധന ഈ കപ്പലിൽ നടക്കുന്നത്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നും നാവികസേന വ്യക്തമാക്കുന്നു. ലക്ഷണങ്ങളുള്ളവരെയും ഇല്ലാത്തവരെയും വ്യാപകമായി പരിശോധിച്ചിരുന്നു.
കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ നാവികസേനയിലെ ഈ ബ്ലോക്ക് പൂർണമായും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചവർ മറ്റ് ജോലികൾക്കും ഡ്യൂട്ടികൾക്കുമായി നേവൽ ബേസിലും മുംബൈ നഗരത്തിലെ മറ്റ് ഭാഗങ്ങളിലും പോയതുമായി ബന്ധപ്പെട്ടും നാവികസേന കോണ്ടാക്ട് ട്രേസിംഗും പരിശോധനയും നടത്തുന്നുണ്ട്. ഐഎൻഎസ് ആൻഗ്രെയുടെ ഏതാണ്ട് നൂറോളം മീറ്റർ ദൂരെയാണ് പടിഞ്ഞാറൻ നാവികകമാൻഡിലെ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും നിർത്തിയിട്ടിരിക്കുന്നത്.
നിലവിൽ രോഗം സ്ഥിരീകരിച്ചവരെയെല്ലാം മുംബൈയിലെ ഐഎൻഎച്ച്എസ് അശ്വിനി എന്ന നാവിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യയുടെ കരസേനയിൽ ഇതുവരെ എട്ട് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. 3323 കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽത്തന്നെ ഏറ്റവും മോശമായി ബാധിക്കപ്പെട്ട നഗരം മുംബൈയും. നിലവിൽ രാജ്യത്ത് 14,000 കേസുകളും 480 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫ്രാൻസിൽ നാവികസേനയുടെ ചാൾസ് ദെ ഗുവല്ലെ എന്ന ആണവായുധ വാഹനശേഷിയുള്ള വിമാനവും, അതുമായി ബന്ധപ്പെട്ട അനുബന്ധ കപ്പലുകളിലും ജോലി ചെയ്തിരുന്ന 1081 പേർക്കും അസുഖം സ്ഥിരീകരിച്ചത് പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. അമേരിക്കൻ നാവികസേനയുടെ തിയഡോർ റൂസ്വെൽറ്റ് എന്ന 660 ക്രൂ അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.