കോവിഡ് ചികിത്സിച്ച് ഭേദമായി വീട്ടിലേക്ക് പോയ 85 കാരന് മരണമടഞ്ഞു ; അന്ത്യം പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലിരിക്കെ
മലപ്പുറം: കോവിഡ് ചികിത്സിച്ച് ഭേദമായി വീട്ടിലേക്ക് പോയയാള്‍ മരണമടഞ്ഞു. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85)യാണ് മരണമടഞ്ഞത്. കോവിഡ് ഭേദമായി രണ്ടു ദിവസമായി നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാളാണ് ഇദ്ദേഹം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസം മുമ്പ് മൂന്ന് തവണ നടത്തിയ പരിശോധനയും നെഗറ്റീവായതോടെ ഇദ്ദേഹത്തെ രോഗം മാറിയെന്ന വിലയിരുത്തലില്‍ വീട്ടിലേക്ക് അയച്ചിരുന്നു. വീണ്ടും ആരോഗ്യം മോശമായി അവശനിലയിലായി അവസാനമായി ഒരു പരിശോധനാ ഫലം കൂടി വരാനിരിക്കെയാണ് മരണമടഞ്ഞത്.
അതേസമയം ഇദ്ദേഹത്തിന് മറ്റസുഖങ്ങള്‍ ഉണ്ടായിരുന്നതായും ഒരു പരിശോധനാഫലം കൂടി വരാനുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇദ്ദേഹം 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണെന്നും രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം മോശമായ നിലയില്‍ ഉള്ളയാളാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. അതേസമയം രോഗം മാറിയെന്ന പരിശോധനാഫലങ്ങള്‍ തെളിയിച്ച ശേഷം നിരീക്ഷണത്തിലിരിക്കെയാണ് ഇദ്ദേഹം മരണമടഞ്ഞത്. നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് രണ്ടു ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായ സ്ഥിതിയിലായിരുന്നു.
ഏപ്രില്‍ 2 നാണ് വീരാന്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നേരത്തേ ഉംറയ്ക്ക് പോയ ഇദ്ദേഹത്തിന്റെ മകനില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. വീട്ടിലെ മറ്റംഗങ്ങളെയും പരിശോധന നടത്തിയിരുന്നെങ്കിലും അവരുടെയും ഫലം നെഗറ്റീവായിരുന്നു. അതിനിടയിലാണ് വീരാന്‍കുട്ടിക്ക് രോഗം കണ്ടെത്തിയത്. രണ്ടു ദിവസമായി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഒരു ടെസ്റ്റ് നടത്താന്‍ കൂടി തീരുമാനിക്കുകയും സാമ്പിള്‍ എടുക്കുകയും ചെയ്തു.
ഇതിന്റെ ഫലം ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഇന്ന് ഉച്ചയോടെ വരാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കെയാണ് പെട്ടെന്ന് രോഗം കലശലായി മരണത്തിന് കീഴടങ്ങിയത്. അവസാനം നടത്തിയ സാമ്പിളുകളുടെ പരിശോധനാഫലം കിട്ടിയ ശേഷമായിരിക്കും സംസ്ക്കാരം പോലെയുള്ള കാര്യങ്ങളിലേക്ക് കടക്കുക.