കൊറോണ ഭീതിക്കിടയിൽ മുംബൈ വസായി തെരുവിൽ അഗതികൾക്ക് ഭക്ഷണം വിളമ്പി കാസർകോട് ചാത്തങ്കൈയിലെ സഹോദരങ്ങൾ
മുംബൈ : വസായ് മലയാളി സമാജങ്ങളും വ്യക്തികളും ലോക്ക്ഡൗൺ മൂലം കഷ്ടപ്പെടുന്നവർക്ക് സഹായങ്ങൾ എത്തിക്കുന്നു. വിരാർ, നാലസൊപാര, വസായ് ഈസ്റ്റ്, ബി കെ എസ് തുടങ്ങി സമാജങ്ങൾ മീരറോഡിലെ സാംസ്ക്കാരിക വേദി കൂടാതെ വിവിധ ഇടവകകളും ഒട്ടനവധി കുടുംബങ്ങൾക്ക് ആവശ്യവസ്തുക്കൾ വിതരണം ചെയ്തു.
റമസാൻ നോമ്പ് കാലത്ത് സക്കാത്ത് നൽകുന്നതിനെക്കാൾ പതിന്മടങ്ങ് പുണ്യമാണ് ലോക്ക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് എന്ന ലഷ്യത്തോടെ വസായിലെ ചെറുകിട വ്യവസായിയായ കാസർകോട് സ്വദേശി അഷറഫ് കുന്നരിയത്ത് കഴിഞ്ഞ മൂന്ന് ആഴ്ചയായി മുടങ്ങാതെ നിരവധി പേർക്ക് ഭക്ഷണം വിതരണം ചെയ്തു വരുന്നു. സഹോദരൻ സലാമും സുഹൃത്ത് മുനീറും ചേർന്ന് രാവിലെ വീട്ടിൽ നൂറിൽ പരം ആൾക്കാർക്ക് ഭക്ഷണം പാചകം ചെയ്യും. ഉച്ചയോടെ അഷറഫും മറ്റും മുംബൈ അഹമ്മദാബാദ് ദേശിയ പാതക്കരികിലെ കടത്തിണ്ണകളിലും ഫ്ലൈ ഓവറുകൾക്ക് അടിഭാഗത്തും കഴിയുന്ന അനാഥർക്കും വരുമാനമില്ലാത്തവർക്കും ഭക്ഷണം നൽകി തുടങ്ങും. രാത്രി വൈകിയാണ് മടക്കം. വസായ് വെസ്റ്റിലെ ഇന്ത്യൻ പെന്തക്കോസ്ത് മിഷൻ വിശ്വാസിയായ സുരേഷ് ഐസക്ക് നിരവധി നിർധന കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ നേരിട്ട് എത്തിച്ചു. മലയാളികൾക്ക് മാത്രമല്ല ദുരിതമനുഭവിക്കുന്നവർക്കെല്ലാം കാരുണ്യ ഹസ്തവുമായി മലയാളികൾ എത്തുന്നത് സ്തുത്യർഹമാണെന്ന് വസായ് താലൂക്കിലെ പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.