സൗജന്യ ഭക്ഷ്യ-ധാന്യ കിറ്റ് : ജില്ലയിലെ മുഴുവന്‍ അന്ത്യോദയ അന്ന പൂര്‍ണ്ണ റേഷന്‍ കാര്‍ഡുകള്‍ക്കും വിതരണം ചെയ്തു, പി എം ജി കെ എ വൈ അരി വിതരണം 21 ന്
കാസര്‍കോട് :ലോക്ക് ഡൗണില്‍ വലയുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ ഭക്ഷ്യ-ധാന്യ കിറ്റ് വിതരണം ജില്ലയിലെ മുഴുവന്‍ അന്ത്യോദയ അന്ന പൂര്‍ണ്ണ റേഷന്‍ കാര്‍ഡുകള്‍ക്കും (മഞ്ഞ കാര്‍ഡ്) വിതരണം ചെയ്തു. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത 30441 കിറ്റുകളില്‍ 29260 കിറ്റുകളും ( 96.12 ശതമാനം) കാര്‍ഡുടമകള്‍ റേഷന്‍ കിറ്റ് വാങ്ങിക്കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ മുന്‍ഗണന വിഭാഗര്ക്കാണ് കിറ്റുകള്‍ ലഭിക്കുക. ഇതിനായുള്ള പാക്കിങ് ആരംഭിച്ചു. ജില്ലയില്‍ 102000 പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍ (പിങ്ക് കാര്‍ഡ്) ഉള്‍പ്പെടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാധനങ്ങളുടെ ലഭ്യത കുറവുണ്ടെങ്കിലും സ്റ്റോക്കുള്ളവ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ കിറ്റുകള്‍ തയ്യാറാക്കിയത്. രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കിറ്റില്‍ നല്‍കേണ്ട ഉഴുന്ന്, തുവര പരിപ്പ് തുടങ്ങിയവയ്ക്ക് ക്ഷാമം നേരിടുന്നുണ്ടങ്കിലും സാധനങ്ങള്‍ എത്തുന്ന മുറയ്ക്ക് അതിവേഗം പായ്ക്കിംഗ് നടത്തി ഗുണഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ജില്ലയിലെ കാസര്‍കോട് സപ്ലൈകോ ഡിപ്പോ മാനേജറായ കെ ഷംസുദ്ദീന് പറഞ്ഞു.
17 സാധനങ്ങളടങ്ങിയ കിറ്റ്
ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന തോതിലാണ് ആയിരം രൂപ വിലയുള്ള കിറ്റുകളുടെ വിതരണം. രണ്ട് കിലോ ആട്ട, കിലോ വീതം പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്ന്, റവ, ഉപ്പ്, ഒരു ലിറ്റര്‍ സണ്‍ഫ്ളവര്‍ ഓയില്‍, അര ലിറ്റര്‍ വെളിച്ചെണ്ണ, 250 ഗ്രാം വീതം ചായപ്പൊടി, പരിപ്പ്, 100 ഗ്രാം വീതം മുളക് പൊടി, മഞ്ഞപ്പൊടി, മല്ലിപ്പൊടി, കടുക്, അലക്കുസോപ്പ്, ടോയ്ലെറ്റ് സോപ്പ് തുടങ്ങി 17 സാധനങ്ങളാണ് കിറ്റിലുള്ളത്. കിറ്റുകള്‍ തയ്യാറാക്കുന്നത് സപ്ലൈകോയുടെ നേതൃത്വത്തിലും വിതരണം റേഷന്‍ കടകള്‍ വഴിയുമാണ്. പ്രദേശത്തെ മാവേലി സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് കിറ്റുകള്‍ തയ്യാറാക്കുന്നതിന് കുടുംബശ്രീയുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായം ഉറപ്പ് വരുത്തിയിട്ടുണ്ട്. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും അനാഥാലങ്ങളില്‍ കഴിയുന്നവര്‍ക്കും നാലു പേര്‍ക്ക് ഒരു കിറ്റ് എന്ന തോതില്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കിറ്റിലേക്ക് ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്ന മുറയ്ക്കായിരിക്കും ഇവര്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യുക. ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കിറ്റുകള്‍ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കും.
പി എം ജി കെ എ വൈ അരി വിതരണം 21 ന്
പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം എ എ വൈ, മുന്‍ഗണന കാര്‍ഡുകാര്‍ക്കുള്ള സൗജന്യ അരി വിതരണം ഏപ്രില്‍ 21 ന് ആരംഭിക്കും. ഒരു വ്യക്തിക്ക് അഞ്ചു കിലോ അരി എന്ന തോതില്‍ ഏപ്രില്‍ മുതല്‍ മുതല്‍ മൂന്ന് മാസം അരി വിതരണം ചെയ്യും. ഇതിനായി ജില്ലയിലെ 300 റേഷന്‍ കടകളില്‍ അരി എത്തിച്ചുവെന്നും ബാക്കിയുള്ള കടകളിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അരി എത്തിക്കുമെന്നും ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ വി കെ ശശിധരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റോഷന് വിതരണം ജില്ലയില്‍ 98.2 ശതമാനം പൂര്‍ത്തീകരിച്ചു.