ലോക്ക് ഡൗണിൽ വ്യക്തത തേടി കേരളം: കേന്ദ്രത്തിന്റെ ഹോട്ട് സ്പോട്ട് വിലയിരുത്തൽ അശാസ്ത്രീയം
ദേശീയ തലത്തിൽ നിന്ന് തീര്‍ത്തും വ്യത്യസ്ഥമാണ് കേരളത്തിന്റെ രോഗ വ്യാപന നിരക്കെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍.
തിരുവനന്തപുരം:സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ പുനര്‍ നിര്‍ണ്ണയിക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. എന്നാൽ കേന്ദ്ര നിര്‍ദ്ദേശം ഒരു തരത്തിലും മറികടക്കുന്ന തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന ജാഗ്രതയും തീരുമാനങ്ങൾക്ക് പിന്നിലുണ്ട്.
ഇളവുകൾ ഏര്‍പ്പെടുത്തുകയാണെങ്കിലും അത് ഏപ്രിൽ ഇരുപതിന് ശേഷം മാത്രമെ നടപ്പാക്കു. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതയില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
നിലവിൽ കേന്ദ്രത്തിന്റെ ഹോട് സ്പോട്ട് തരം തിരിക്കൽ അശാസ്ത്രീയം എന്നും വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ വരികയെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ . കേന്ദ്ര ലിസ്റ്റിൽ കോഴിക്കോട് ഗ്രീൻ ലിസ്റ്റിലും നിലവിൽ ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്. ഈ ആശയക്കുഴപ്പം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാനാണ് ധാരണ.