കാസർകോട്ടെ രോഗികൾക്ക് മലപ്പുറത്തിന്റെ സമ്മാനം:
എൽ ആർ ടെക്ക്നോളജീസ് രണ്ട് ഡയാലിസിസ് മെഷീനുകൾ അഭയത്തിന് കൈമാറി.
കാസർകോട്: തളങ്കര മാലിക്ക് ദീനാർ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭയം ഡയാലിസിസ് സെന്ററിന് എൽ.ആർ.ടെക്ക്നോളജീസ് സി.ഇ.ഒ നിഷാദ് കിളിയിടുക്കിൽ സ്പോൺസർ ചെയ്ത രണ്ട് ഡയാലിസിസ് മെഷീനുകൾ അഭയം മാനേജിംഗ് ട്രസ്റ്റി ഖയ്യൂം മാന്യക്ക് കൈമാറി. അഞ്ച് വർഷം വാറണ്ടിയോട് കൂടിയ ജപ്പാൻ നിർമ്മിത നിപ്രോ സർഡിയൽ 55 എന്ന മെഷീന് ആറ് ലക്ഷം രൂപ വിലയുണ്ട്.
കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് രോഗികൾ നേരിടുന്ന പ്രയാസം മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് യുവസംരംഭകനായ നിഷാദ് കിളിയിടുക്കിൽ അഭയം ട്രസ്റ്റിനെ ബന്ധപ്പെടുകയും രണ്ട് മെഷീനുകൾ നൽകാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തത്. സ്റ്റഡി മോജോ എന്ന എഡുക്കേഷനൽ ആപ്പ് നിർമ്മിക്കുന്ന എൽ.ആർ ടെക്ക്നോളജീസിന്റെ ചീഫ് എക്സികൂട്ടീവ് ഓഫീസറാണ് മലപ്പുറം നിലംബൂർ സ്വദേശിയായ നിഷാദ് .
2018 നവംബറിലാണ് കാസർകോട് നഗരത്തിലെ ആദ്യത്തെ സൗജന്യ ഡയാലിസിസ് കേന്ദ്രമായ അഭയം പ്രവർത്തനം ആരംഭിച്ചത്. നിലവിൽ മൂന്ന് ഷിഫ്റ്റുകളിലായി 38 രോഗികൾക്ക് ഇവിടെ സേവനം നൽകുന്നുണ്ട്. ഡയാലിസിസിന് പുറമെ പ്രതിമാസ രക്തപരിശോധനയും നൽകുന്നുണ്ട്. ഡയാലിസിസിന് പുറമെ വീട് നിർമാണം, ചികിത്സാ സഹായം തുടങ്ങിവയും അഭയത്തിന്റെ പ്രവർത്തനമേഖലയിൽ ഉൾപ്പെടുന്നു.