ജീവനി പദ്ധതി;ജില്ലയില്‍ മൂന്ന് ലക്ഷം പച്ചക്കറി വിത്തു പാക്കറ്റുകള്‍ വിതരണത്തിനെത്തി
കാസർകോട് : കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് ഓരോ വീട്ടിലും പച്ചക്കറി കൃഷി എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ്. ധാരാളം ഒഴിവു സമയം ലഭിക്കുന്ന ഈ സമയത്ത് പച്ചക്കറി ഉത്പാദന രംഗത്തേക്ക് ഓരോ കുടുംബത്തേയും കൈപിടിച്ചെത്തിച്ച് വിഷരഹിതമായ പച്ചക്കറികള്‍ ഉറപ്പാക്കി ആരോഗ്യം സംരക്ഷിക്കാനായാണ് പദ്ധതി. കൃഷി വകുപ്പിന്റെ ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി പ്രകാരം കാസര്‍കോട് ജില്ലയില്‍ മൂന്ന് ലക്ഷം പച്ചക്കറി വിത്തു പാക്കറ്റുകള്‍ വിതരണത്തിനെത്തി. വിവിധ ബ്ലോക്ക്് പഞ്ചായത്തുകള്‍ക്ക് ഇവ നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. ഓരോ കൃഷി ഭവനിലൂടെയും 7000ഓളം വിത്തു പാക്കറ്റുകള്‍ സൗജന്യമായി നല്‍കും.
വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃഹനാഥന്മാര്ക്കുമെല്ലാം ഒരുമിച്ച് കൃഷിയിടത്തില്‍ ചിലവഴിക്കാന്‍ ധാരാളം സമയം ലഭിക്കും. മാര്‍ക്കറ്റല്‍ നിന്ന് ലഭിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പച്ചക്കറികള്‍ക്കായി കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഇത് പുതിയൊരു അനുഭവമാകും. സ്കൂളുകളിലെ ക്ലബ്ബുകളിലും മറ്റും കൂട്ടുകാര്‍ക്കൊപ്പം പച്ചക്കറി കൃഷിക്കിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തോടൊപ്പം കൃഷിയിലേക്കിറങ്ങാന് ലഭിക്കുന്ന അവസരമാണിത്.വി.എഫ് പി സി കെ മുഖാന്തിരമാണ് വിത്തു എത്തിച്ചത്. പഞ്ചായത്തു പ്രസിഡന്റിന്റേയും മെബര്മാരുടേയും സഹകരണത്തോടെയാണ് വിത്ത് വിതരണം നടത്തുക.