കുഞ്ഞിക്കൈ സ്വരൂപിച്ച 1053 രൂപ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക് നല്കി
കാസർകോട് :വിഷുവിന് പടക്കം വാങ്ങാന്‍ നാലുവയസ്സുകാരന് ദേവഹര്‍ഷ് സ്വരൂപിച്ച 1053 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് നീലേശ്വരം ജനമൈത്രി പോലീസിന് കൈമാറി.നീലേശ്വരം കൊയാമ്പുറത്തെ പ്രിയേഷിന്റെയും രേഷ്മയുടെയും മകനാണ് ദേവഹര്‍ഷ്. ‘പെട്ടെന്ന് എല്ലാവരുടെയും ജീവിതം വീടിന്റെ നാല്ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയപ്പോള്‍,മോന് മനസിലായി എന്തോ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന്.അങ്ങനെയാണ് അവന് പറഞ്ഞത് പടക്കം വാങ്ങാന്‍ സ്വരൂപിച്ചുവെച്ച പണം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊടുക്കാമെന്ന് ‘ അച്ഛന് പ്രിയേഷ് പറഞ്ഞു. നീലേശ്വരം നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഗീതയെ വിളിച്ച് പ്രിയേഷ് കാര്യങ്ങള്‍ ബോധിപ്പിച്ചു.നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷനില്‍ എത്തി തുക കൈമാറാനായിരുന്നു തീരുമാനം.എന്നാല്‍ അവിടെയെത്താനുള്ള വാഹനം ഉണ്ടായിരുന്നില്ല.അതിനെതുടര്‍ന്ന് പോലീസ് ദേവഹര്ഷിന്റെ വീട്ടിലെത്തി തുക കൈപ്പറ്റി.പരുത്തിക്കാമുറി സ്കൂളിലെ പ്രീ-പ്രെമറി വിദ്യാര്‍ത്ഥിയാണ് ദേവഹര്‍ഷ്.