കോവിഡിനെ അതിജീവിച്ച് ബോവിക്കാനത്തെ ഈ സഹോദരര്‍
കാസർകോട് : വിദേശത്തു നിന്നുവന്ന സഹോദരനെ കോവിഡ് സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയതോടെ അഷറഫും കുടുംബവും ഭയത്തിന്റെ നിഴലിലായി.തൊട്ടടുത്ത ദിവസം തന്നെ തന്റെ നാലുവയസ്സുകാരി മകള്‍ക്ക് പനി അനുഭവപ്പെട്ടതോടെ ബോവിക്കാനം ആലൂര് സ്വദേശി അഷറഫിന്റെ ഭയത്തിന്റെ ഗ്രാഫ് വീണ്ടും കുത്തനെയുയര്‍ന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പെരിയ സിഎച്ച് സിയിലെ ഐസോലോഷന്‍ വാര്‍ഡിലേക്കും തുടര്‍ന്ന് കാഞ്ഞങ്ങാടെക്കും അഷറഫിനെയും കുടുംബത്തിനെയും മാറ്റി . പിന്നീട് നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസറ്റീവ് ആയതിനാല്‍ അഷറഫിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു.പരിശോധനാഫലം നെഗറ്റീവ് ആയ അഷറഫിന്റെ ഭാര്യ,മകള്‍,ഉമ്മ,സഹോദരിപുത്രി എന്നിവരെ കാഞ്ഞങ്ങാട് തന്നെ നിരീക്ഷണത്തില്‍ നിര്‍ത്തി
‘ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്സുമാരും വളരെ കരുതലോടെയാണ് തന്നെയും സഹോദരനെയും പരിചരിച്ചത്.രോഗത്തെ കുറിച്ചും അതിനെ തരണം ചെയ്യാനുള്ള വഴികളെ കുറിച്ചും പറഞ്ഞുതന്ന് , അവര്‍ മനസിലെ ഭയം അകറ്റി.ഞങ്ങളുടെ ജീവിതം എന്നും അവരോട് കടപ്പെട്ടിരിക്കും’ അഷറഫ് പറയുന്നു.
അഫറഫിന്റെ സഹോദരന് അബ്ബാസ് ഗള്‍ഫിലെ നൈഫ് മേഖലയില്‍ നിന്നാണ് മാര്‍ച്ച് 17 ന് നാട്ടിലെത്തിയത്.നാട്ടിലെത്തി നടത്തിയ പരിശോധനയിലാണ് അബ്ബാസിന് രോഗം സ്ഥിരീകരിച്ചത്. ‘ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ കൃതൃമായി പാലിച്ചാല്‍ കോവിഡിനെ തോല്പിക്കാന് കഴിയും.ഒരിക്കലും ഒറ്റയ്ക്കെല്ല നമ്മള്.നമ്മളെ പരിചരിക്കാന്‍ സ്വജീവിതം പോലും മറന്ന് ജോലി ചെയ്യുന്ന ഒരുകൂട്ടം ജീവനക്കാരെയാണ് ഓരോ ആശുപത്രിയും കാണിച്ചുതരുന്നത്.’ അബ്ബാസ് പറയുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് രോഗവിമുക്നായ അബ്ബാസിനെ ഏപ്രില്‍ 13 നും അഷറഫിനെ 14 നും ഡിസ്ചാര്‍ജ്ജ് ചെയതു.ഭയത്തിന്റെ അസ്വസ്ഥതയുടെ മേഘങ്ങള്‍ ഇരുള് മൂടികെട്ടിയിരുന്ന ആ ദിനങ്ങള്‍ കടന്നു പോയി എന്ന് വിശ്വസിക്കാനാണ് അഷറഫിനും കുടുംബത്തിനും ഇഷ്ടം . അതിന് സഹായിച്ചത് സഹനവും ക്ഷമയും ആയുധമാക്കിയ ഒരുകൂട്ടം ഡോക്ടര്‍മാരും നേഴ്സുമാരും.