കരുതലായി കാവലായി അഗ്നിശമന സേന ജില്ലയെ അണുവിമുക്തമാക്കി ,മരുന്നുകള്‍ക്ക് വാട്സപ്പ് സന്ദേശമയക്കൂ
കാസർകോട് : ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട രോഗികള്‍ക്ക് കരുതലാവുകയാണ് ജില്ലയിലെ അഗ്നിശമന സേന വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സ തേടിയിരുന്ന രോഗികള്‍ക്ക് ആശ്വാസമാണ് ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള ജീവന് രക്ഷ മരുന്നുകളുടെ ശേഖരണവും വിതരണവും. സംസ്ഥാനത്തെ മുഴുവന്‍ അഗ്നിശമന സേനാ ഓഫീസുകള്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പില്‍ കണക്ട് ചെയ്തു വിവരങ്ങള്‍ ശേഖരിക്കുകയും മരുന്നുകള്‍ ലഭ്യമാകുന്ന പ്രദേശത്തെ ഉദ്യോഗസ്ഥര്‍ അവ ശേഖരിച്ച് ഫയര്‍ സ്റ്റേഷനുകള്‍ വഴി കൈമാറി രോഗിയിലേക്ക് നേരിട്ടെത്തിക്കുകയുമാണ് ചെയ്യുന്നത്. രോഗികകള്‍ക്ക് ബന്ധപ്പെടാനായി ജില്ലയില്‍ ഒരു വാട്്സ് നമ്പര്‍ നല്‍കും. ഇതു വഴി രോഗികള്‍ക്ക് അവരുടെ മരുന്നിന്റെ വിവരം കൈമാറാം. ഇവ പിന്നീട് ഫയര്‍ ആന്റ് റെസ്ക്യൂവിന്റെ വാട്സ് ആപ്പിലേക്ക് കൈമാറും. ലോക്ക് ഡൗണില്‍ മരുന്നുകള്‍ കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന കാന്‍സര്‍ രോഗികള്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍, മാരക രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവര്‍ക്ക് ആശ്രയമാണ് ഈ സംവിധാനം.
മരുന്നുകള്‍ക്ക് വാട്സപ്പ് സന്ദേശമയക്കൂ
കാസര്‍കോട് ജില്ലയിലെ രോഗികള്‍ക്ക് അവര്‍ക്കാവശ്യമായ മരുന്നുകളുടെ വിവരങ്ങള്‍ 7356109129 എന്ന നമ്പറില്‍ അറിയിക്കാം. കേരളം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്കത് സുരക്ഷിതമായി നേരിട്ടെത്തിച്ച് നല്‍കും. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായാണ് മരുന്ന് വാങ്ങി നല്‍കുന്നതെന്ന് കാസര്‍കോട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ അരുണ്‍ പറഞ്ഞു.
അണുവിമുക്തമാക്കുന്നു
ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിതീകരിച്ചത് മുതല്‍ ജില്ലയെ അണുവിമുക്തമാക്കി കോവിഡിനെതിരെ തുടച്ചു നീക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണിവര്‍. ജില്ലയിലെ പൊതുയിടങ്ങള്‍ അഗ്നി സുരക്ഷ സേന പല ഘട്ടങ്ങളിലായി അണു വിമുക്തമാക്കുന്നു. കോവിഡ് ആശുപത്രികള്‍, കോവിഡ് രോഗികളുടെ വീടുകള്‍, അവര്‍ ഇടപെട്ട പൊതുസ്ഥലങ്ങള്‍ എന്നിവയ്ക്ക് പുറമെ ജനങ്ങള്‍ എത്തപ്പെടുന്ന എല്ലാ പൊതുയിടങ്ങളും കൊവിഡ് -19 സാധ്യതയനുസരിച്ച് കൃത്യമായ ഇടവേളകളില്‍ അണു വിമുക്തമാക്കി വരുന്നു. ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്കായി അണങ്കൂര്‍ മേഖലയില്‍ ഭക്ഷണ വിതരണം നടത്തിയിരുന്നു. പട്ടിക വര്‍ഗ കോളനികളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കിയിരുന്നു