യുഎഇയിലെ പാകിസ്ഥാനി പൗരന്മാരെ തിരികെ കൊണ്ടുപോകുന്നു; ജയില്‍ മോചിതരായവര്‍ക്ക് ഇന്ന് പ്രത്യേക വിമാനം
യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോകേണ്ട പൗരന്മാരുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാറില്‍ നിന്ന് ഉടന്‍ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിന് ശേഷം പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ പൗരന്മാരെ വിവരമറിയിക്കുമെന്നുമാണ് കോണ്‍സുലേറ്റിന്റെ ട്വീറ്റില്‍ അറിയിച്ചിരിക്കുന്നത്.
അബുദാബി: യുഎഇയിലെ പാകിസ്ഥാനി പൗരന്മാരെ തിരികെ കൊണ്ടുപോകാനുള്ള നടപടികള്‍ പാക് ഭരണകൂടം തുടങ്ങി. യുഎഇ ജയിലുകളില്‍ നിന്ന് അടുത്തിടെ മോചിതരായ പാകിസ്ഥാനി പൗരന്മാരെ ഇന്ന് നാട്ടിലെത്തിക്കും. യുഎഇ ഭരണകൂടം സജ്ജമാക്കിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് ഇവര പാകിസ്ഥാനിലെ ഫൈസലാബാദിലേക്ക് കൊണ്ടുപോകുന്നത്. ഈ വിമാനത്തില്‍ തടവുകാര്‍ക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക. ഇവരുടെ ടിക്കറ്റ് പാകിസ്ഥാന് ഭരണകൂടമാണ് വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് പാകിസ്ഥാന് പൗരന്മാരെ ഉടന്‍ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ദുബായിലെ പാകിസ്ഥാന് കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു. യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോകേണ്ട പൗരന്മാരുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാറില്‍ നിന്ന് ഉടന്‍ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിന് ശേഷം പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ പൗരന്മാരെ വിവരമറിയിക്കുമെന്നുമാണ് കോണ്‍സുലേറ്റിന്റെ ട്വീറ്റില്‍ അറിയിച്ചിരിക്കുന്നത്. അടുത്തയാഴ്ച മുതല്‍ പാകിസ്ഥാനിലേക്കുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ തുടങ്ങുമെന്നാണ് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയിലെയും പാകിസ്ഥാനിലെയും വിമാന കമ്പനികളായിരിക്കും പ്രത്യേക സര്‍വീസ് നടത്തുന്നത്.
ചെറിയ കുറ്റകൃത്യങ്ങളുടെ പേരില്‍ യുഎഇയില്‍ ജയില്‍ ശിക്ഷ അനുഭിക്കുകയായിരുന്നവരും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരുമാണ് ഇന്ന് തിരികെ പോകുന്ന പാക് തടവുകാരുടെ സംഘത്തിലുള്ളത്. അതേസമയം ഇന്ന് തടവുകാരെയുമായി പാകിസ്ഥാനിലേക്ക് പോകുന്ന ഫ്ലൈ ദുബായ് വിമാനം തിരികെ വരുമ്പോള്‍ പാകിസ്ഥാനിലെ യുഎഇ എംബസിയില്‍ ജോലി ചെയ്യുന്ന 11 ജീവനക്കാരെ ദുബായിലെത്തിക്കുമെന്നും പാകിസ്ഥാന് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വൈകുന്നേരം അഞ്ച് മണിക്ക് ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഫൈസലാബാദ് വിമാനത്താവളത്തില്‍ രാത്രി 8.30ന് എത്തും. തിരികെ അവിടെ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 22.50ന് ദുബായ് വിമാനത്താവളത്തിലിറങ്ങും.
നിലവില്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന 25,000ല്‍ പരം പാകിസ്ഥാനി പൗരന്മാര് തിരികെ പോകാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്ദര്‍ശക വിസകളിലെത്തിയവരും ജോലി നഷ്ടമായവരും ജോലി അവസാനിപ്പിച്ചവരുമൊക്കെയാണ് ഇവരില്‍ അധികവും. യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകണമെന്ന് യുഎഇ വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.