മെയ് മൂന്നുവരെ ട്രെയിൻ സർവീസ് ഇല്ലെന്ന് റെയിൽവേ
ന്യൂഡൽഹി : ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മെയ് മൂന്ന് വരെ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ലെന്ന് ഇന്ത്യൻ റെയിൽ വേ. മാർച്ച് 24 മുതൽ രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഏപ്രിൽ 14ന് ശേഷം ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് അഭ്യൂഹം പടർന്നിരുന്നു. ഇതിനിടെയാണ് റെയിൽവേ വ്യക്തത വരുത്തിയിരിക്കുന്നത്.
21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചത്. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും. യാത്രാനിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.