പോസിറ്റീവ് കേസുകൾ കുറഞ്ഞത് കൊണ്ട് കൊറോണ പോയെന്ന് പറയാൻ കഴിയില്ല: ആരോഗ്യമന്ത്രി
കേരളത്തിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടുമെന്ന് നേരത്തെ കരുതിയിരുന്നുവെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞത് കൊണ്ട് വൈറസ് പോയെന്ന് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ. ആരോഗ്യവകുപ്പിന്റെ കണ്ണിൽപെടാത്ത ഒരു രോഗി എവിടെയെങ്കിലും ഉണ്ടെങ്കിൽ അയാളിൽ നിന്ന് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
വിഷുവായതിനാൽ കൺട്രോൾ റൂമിലുള്ളവർക്കും മറ്റുള്ളവർക്കും നാട്ടുകാർക്കും ആഘോഷം ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. മഹാമാരിയെ തടയാൻ എല്ലാവരും സഹകരിക്കണം. ഇന്ന് കൺട്രോൾ റൂമിൽ ജി വേണുഗോപാൽ വന്നിട്ടുണ്ട്. അതിൽ സന്തോഷമുണ്ട്. അവരുടെ മനപ്രയാസം ലഘൂകരിക്കാൻ മഞ്ജു വാര്യരും കെഎസ് ചിത്രയും വന്നിരുന്നു. വേണുഗോപാൽ ഒരു സംഗീത ആൽബം തയ്യാറാക്കിയിട്ടുണ്ട്. അത് കേൾക്കും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. ഒരുമിച്ച് ചേർന്ന് ഈ മഹാവിപത്തിനെ ചെറുക്കാമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടുമെന്ന് നേരത്തെ കരുതിയിരുന്നു. മെയ് മൂന്ന് വരെ നീട്ടിയെന്നാണ് ഇപ്പോൾ അറിയുന്നത്. രോഗ പ്രതിരോധം ചിട്ടയായി ചെയ്യാനാണ് ഇത്.
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ആശ്വാസം ഉണ്ട്. പത്തനംതിട്ട ജില്ലയിൽ ഒന്ന് കുറഞ്ഞ ശേഷമാണ് നിസാമുദ്ദീനിൽ നിന്നും ഗൾഫിൽ നിന്നും വന്നവർക്ക് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പ്രത്യേകിച്ചുണ്ടായിരുന്ന ഭയം മാറി. അവിടുത്തെ ഇൻകുബേഷൻ പിരീഡ് കഴിഞ്ഞു.
ഗർഭിണിക്ക് കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നത് പ്രത്യേക സാഹചര്യമാണ്. എല്ലാവരും വീട്ടിലിരിക്കണം എന്നത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമാണ്. എവിടെയാണോ ആളുകൾ ഉള്ളത് അവിടെ തന്നെ ഇരിക്കണം എന്നാണ് നിർദ്ദേശം. അത് ആരും പറഞ്ഞുണ്ടാക്കിയ ഒന്നല്ല. എങ്കിലും ആ യുവതിയെ ഗർഭാവസ്ഥയിൽ വഴിയിൽ നിർത്താനാവില്ല. അതിനാൽ തന്നെ ഗർഭിണിയായ സ്ത്രീയെ വീട്ടിലെത്തിക്കാൻ മുഖ്യമന്ത്രി ഇടപെട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്ക് ഒപ്പമുള്ളവരെ അവിടെ തന്നെ നിരീക്ഷണത്തിൽ വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.