നാല് പുതിയ പോലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍; മൂന്നും വനിതാ സ്റ്റേഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു വനിതാ പോലീസ് സ്റ്റേഷനുകളുള്‍പ്പടെ നാല് പുതിയ പോലീസ് സ്റ്റേഷനുകള്‍ പ്രവര്ത്തനമാംരഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് പുതിയ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കൂടി ലക്ഷ്യം വെച്ചുകൊണ്ട് നാലു പുതിയ പോലീസ് സ്റ്റേഷനുകള്‍ നാളെ പ്രവര്‍ത്തമാരംഭിക്കും. ഒന്ന് വയനാട്ടിലെ നൂല്‍പ്പുഴയിലാണ്. മറ്റുള്ളവ ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ്. അവ മൂന്നും വനിതാ പോലീസ് സ്റ്റേഷനുകളാണ്. ഇതിനകം 2,47,899 വീടുകള്‍ ജനമൈത്രി പോലീസ് സന്ദര്‍ശിച്ചിട്ടുണ്ട്. 42 പേര്‍ക്ക് ജില്ലകള്‍ക്ക് പുറത്തേക്ക് മരുന്നെത്തിക്കാനുള്ള പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്.
അഗ്നിശമനസേനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. അഗ്നിശമനസേന 22,533 സ്ഥലങ്ങള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. 32,265 വാഹനങ്ങളും അണുവിമുക്തമാക്കി. 9,873 പേര്‍ക്ക് അവശ്യ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു. 460 രോഗികളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.