സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ്, കണ്ണൂരിൽ രണ്ട് പേർക്കും, പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു, കണ്ണൂരിൽ രണ്ടും പാലക്കാട് ഒരാൾക്കുമാണ് വൈറസ് ബാധ. രണ്ട് പേർ സമ്പർക്കത്തിലൂടെയും ഒരാൾ വിദേശത്ത് നിന്ന് വന്നതുമാണ്.. 19 പേര്‍ക്ക് വൈറസ് ബാധ ഭേദമായി ആശുപത്രി വിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോടും പത്തനംതിട്ടയിലും തൃശ്ശൂരിലും കണ്ണൂരിലുമാണ് നെഗറ്റീവായത്. 378 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇവരിൽ 178 പേർ ചികിത്സയിലാണ്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ വിശദാംശങ്ങൾ:
86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15683 സാമ്പിളുകൾ പരിശോധിച്ചു. 14829 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്. ഇതുകണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്.
രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങിനെ വേണമെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോട് പറയും. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങളെടുക്കും. ജാഗ്രതയിൽ തരിമ്പ് പോലും കുറവ് വരുത്തേണ്ട അവസ്ഥയില്ല. വൈറസിന്റെ വ്യാപനം എപ്പോൾ എവിടെയുണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആൾക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. അതിനാൽ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും.
മറ്റ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ പ്രശ്നം ഏറ്റവുമധികം അലട്ടുന്നു. അവരെ കേരളത്തിലെത്തിക്കാൻ നമുക്കും കുടുംബാംഗങ്ങൾക്കും ആഗ്രഹമുണ്ട്. പ്രവാസികളും നാട്ടിലെത്താൻ ആഗ്രഹിക്കുന്നു. പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ആവർത്തിച്ച് പെടുത്തി. ഇന്നും വിശദമായ കത്തയച്ചു. യാത്രാ നിരോധനം മൂലം വിദേശത്ത് കുടുങ്ങിയവർ പല തരക്കാരാണ്. ഇവർക്ക് മടങ്ങാനാവുന്നില്ല. വരുമാനം ഇല്ലാതെ അവിടെ ജീവിതം അസാധ്യമാകുന്നു. ഇവർക്കും മറ്റ് അടിയന്തിര ആവശ്യമുള്ളവർക്കും പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
തിരികെ വരുന്നവരുടെ ടെസ്റ്റ്, നിരീക്ഷണം തുടങ്ങിയവ സംസ്ഥാന സർക്കാർ നിരീക്ഷിക്കും. ഇന്നത്തെ പ്രയാസകരമായ സാഹചര്യത്തിൽ അനിവാര്യമായ ഇടപെടലാണിത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച നിലപാട് ശ്രദ്ധയിലുണ്ട്. പ്രവാസികൾ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. കൊവിഡിന്റെ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കിൽ അവരെ സംരക്ഷിക്കാനുള്ള പദ്ധതികൾ വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നാളെ വിഷുവാണ്. ദിനരാത്രങ്ങൾ ഒരു ദൈര്‍ഘ്യത്തോടെ വരുന്ന ദിവസമാണ്, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായ വിഷു തുല്യത കൂടി ഓര്‍മ്മിപ്പിക്കുന്നു. വിഷുമാത്രമല്ല അംബേദ്കര്‍ ജയന്തി കൂടിയാണ്. ജാതിക്കും മതത്തിനും അപ്പുറം സമഭാവനയുടെ സന്ദേശത്തിന് വേണ്ടി നിലകൊണ്ട വ്യക്തിത്വമാണ് അംബേദ്കറുടേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
കൊവിഡ് പ്രവർത്തനം ഏകോപിപ്പിക്കാൻ നാല് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും. മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളാണ്. 249899 വീടുകൾ ജനമൈത്രി പൊലീസ് സംരക്ഷിച്ചു. 42 പേർക്ക് ജില്ലയ്ക്ക് പുറത്തേക്ക് മരുന്നെത്തിക്കാനായി. ഫയർ റസ്ക്യു സർവീസ് 22533 സ്ഥലങ്ങൾ അണുവിമുക്തമാക്കി. 9873 പേർക്ക് അവശ്യമരുന്നുകൾ വീട്ടിലെത്തിച്ചു. 460 രോഗികളെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. സംസ്ഥാനത്ത് ടെസ്റ്റിങ് മികച്ച പുരോഗതി പ്രാപിച്ചു. ആയിരം സാമ്പിളുകൾ ടെസ്റ്റ് ചെയ്യുന്നുണ്ട്. റേഷൻ വിതരണം 94 ശതമാനത്തിലേറെ പൂർത്തിയായി. 5.32 ലക്ഷം കിറ്റുകൾ വിതരണം ചെയ്തു.
ലോക്ക് ഡൗണിന്റെ തുടർന്നുള്ള സ്ഥിതി നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനങ്ങൾ ഇത് അവസാനിക്കുമെന്ന പ്രതീതിയിലെത്തിയോ എന്ന സംശയമുണ്ട്. ഇന്ന് ജനങ്ങൾ കൂടുതലായി നിരത്തിലിറങ്ങി. വിഷുത്തലേന്ന് ആയത് കൊണ്ടാവാം വടക്കൻ കേരളത്തിൽ തിരക്ക് അനുഭവപ്പെട്ടത്. ഇത് ഗൗരവമായി കാണണം. കൂടിച്ചേരലുകൾ, പൊതുസ്ഥലത്ത് കൂടുതൽ പേർ എത്തിച്ചേരൽ ഇതൊന്നും അനുവദിക്കാനാവില്ല.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആളുകൾ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതായും അതിർത്തി കടക്കുന്നതായും വാർത്ത വരുന്നുണ്ട്. കേരളത്തിലേക്ക് ധാരാളം പേർ വരുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ എലിപ്പനി ഡങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്തത് ഗൗരവമായി ശ്രദ്ധിക്കും. വ്യാപനം തടയാൻ എല്ലാ നടപടിയും സ്വീകരിക്കും. മാലിന്യ നിർമ്മാർജ്ജനം കൊതുകു നശീകരണം എന്നിവ തീവ്രമായി നടപ്പാക്കും.
സാധാരണ സാമൂഹ്യ ജീവിതത്തിൽ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനങ്ങൾ, പന്തൽ നിർമ്മിക്കുന്നവർ ഇവരൊക്കെ വലിയ പങ്ക് വഹിക്കുന്നുണ്ട്. തുടർച്ചയായി അടച്ചിട്ടപ്പോൾ ഇവർക്ക് വലിയ വിഷമം വന്നിട്ടുണ്ട്. ചെറുകിട കംപ്യൂട്ടർ സ്ഥാപനങ്ങളിലെ ഉപകരണങ്ങളുമുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇവ തുറക്കാൻ അനുവദിക്കും.
ലക്ഷദ്വീപുകാർ കേരളത്തിൽ ധാരാളമുണ്ട്. വിവിധ കാര്യങ്ങൾക്ക് ഇവർ കേരളത്തെ ആശ്രയിക്കുന്നു. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സ്ഥാപനങ്ങൾക്ക് കേരളത്തെ ആശ്രയിക്കുന്നു. അവരിൽ പലരുടെയും കൈയ്യിൽ പണമില്ലാതായി. ഇവർക്കും ആവശ്യമായ ഭക്ഷണ സൗകര്യം നൽകണമെന്ന് കാണുന്നു.
അതുപോലെ വെറ്റില കൃഷിക്കാര്‍, വള്ളിയിൽ തന്നെ വെറ്റില കിടന്നാൽ നശിക്കും. ആഴ്ചയിലൊരിക്കൽ വെറ്റില മാർക്കറ്റിലെത്തിക്കും. സ്വർണ്ണ പണയം പലയിടത്തും എടുക്കുന്നില്ല. ഗ്രാമീണ ജനങ്ങളുടെ പെട്ടെന്നുള്ള ധനസ്രോതസാണ് അടയുന്നത്. ഇത്തരം വായ്പ നൽകുന്ന സ്ഥാപനങ്ങൾ പണയമെടുക്കുന്നത് ഉറപ്പിക്കാൻ ബാങ്കുകളുമായി സംസാരിക്കണം.
ബാങ്കുകളിലെ അപ്രൈസർമാർ വരുമാനമില്ലാതായി. അത് ബാങ്കുകൾ ശ്രദ്ധിക്കണം. പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും തൊഴിലാളികളും ജീവനക്കാരും ഏറെക്കുറെ 24 മണിക്കൂറും പ്രവർത്തനത്തിൽ മുഴുകി നിൽക്കുന്നുണ്ട്.
എത്ര അഭിനന്ദിച്ചാലും ഇവരുടെ പ്രവർത്തനത്തിന് മതിവരില്ല. കമ്യൂണിറ്റി കിച്ചൺ ഇവരുടെ നേതൃത്വത്തിലാണ്. നല്ല നിലയ്ക്കാണ് പ്രവർത്തനം നടക്കുന്നത്. ധാരാളം വ്യക്തികളും സംഘടനകളും സാധനങ്ങളും മറ്റും സംഭാവന നൽകുന്നുണ്ട്. എന്നാൽ അപൂർവം ചിലയിടത്ത് ഈ രംഗത്തെ രാഷ്ട്രീയ ഇടപെടൽ അവസാനിക്കുന്നില്ല, കുറച്ച് വർധനവിന്റെ ലക്ഷണം കാണിക്കുന്നുമുണ്ട്. ഇതൊഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
ഒരു കൂട്ടർ ഇതിന് പുറപ്പെടുമ്പോൾ മറ്റ് വിഭാഗക്കാരും ഇടപെടുന്നു. ഇത് ചുരുക്കും തദ്ദേശ സ്ഥാപനങ്ങളിലാണ് നടക്കുന്നത്. ബാക്കിയുള്ള എല്ലായിടത്തും തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ഭക്ഷണം എത്തിക്കുകയാണ്. തെറ്റായ രീതി സ്വീകരിക്കുന്നവർ മാറി നിൽക്കണം.
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫണ്ടിങ് ഏജൻസികളാണ് ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ കോർപ്പറേഷനും ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുമാണ്. ഇവ രണ്ടും 9 ലക്ഷം രൂപയുടെ സഹായം കേരളത്തിന് അനുവദിച്ചത്. പിപിഇ കിറ്റുകൾ വാങ്ങാൻ ഇതുപയോഗിക്കും.
നേരത്തെ നമ്മൾ ഒഴിവാക്കിയ പ്രവണത തിരിച്ചുവരുന്നു. തിരുവല്ലയിൽ കണ്ടത് ഇതാണ്. ലോറിയിൽ നിന്ന് ചരക്ക് ഇറക്കണമെങ്കിൽ നോക്കുകൂലി വേണമെന്ന് ചിലർ നിർബന്ധിച്ചു. നോക്കുകൂലി സമ്പ്രദായം കേരളത്തിൽ എല്ലാ സംഘടിത തൊഴിലാളി യൂണിയനുകളും തള്ളിപ്പറഞ്ഞതും അവസാനിപ്പിച്ചതുമാണ്.
ആരെങ്കിലും നോക്കുകൂലി ആവശ്യപ്പെട്ടാൽ ശക്തമായ നടപടിയെടുക്കാം. ഈ ഘട്ടത്തിൽ നോക്കുകൂലി പുനസ്ഥാപിക്കാൻ ശ്രമിക്കുന്നത് കൈയ്യും കെട്ടി നോക്കിയിരിക്കില്ല. ഫലപ്രദമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അത്തരം വഴിവിട്ട നീക്കം നടത്തുന്നവർ അതിൽ നിന്ന് മാറിനിൽക്കണം. അംഗീകൃത കൂലിക്ക് അർഹതയുണ്ടെങ്കിലേ അത് ലഭിക്കൂ. അനധികൃത കൂലി ആരും ആഗ്രഹിക്കരുത്.
ഇന്നലെ 208 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധിച്ചപ്പോൾ 96 ഇടത്ത് അപാകതകൾ കണ്ടു. നടപടി സ്വീകരിക്കും. സന്നദ്ധ സേനയിലെ വളണ്ടിയർമാരിൽ 4023 എൻഎസ്എസ് വളണ്ടിയർമാരും മുൻ എൻസിസിക്കാരായ 3000 പേരും രജിസ്റ്റർ ചെയ്തു. 2.53 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. കേൾവി പ്രശ്നമുള്ളവർ കോക്ലിയർ ഇംപ്ലാന്റ് റിപ്പയർ കടകൾ തുറക്കാത്തത് കൊണ്ട് വിഷമം നേരിടുന്നു. അത് തുറക്കാൻ അനുമതി നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത് പഠനത്തെ ബാധിക്കരുത്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ് കന്നഡ മീഡിയം പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി. അധ്യാപകർക്കുള്ള കൈ പുസ്തകം, പ്രീ പ്രൈമറി കാർഡുകൾ എൻസിആർടി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറ്റുകുറ്റപ്പണി പൂര്‍ത്തിയാക്കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
ഹൈക്കോടതിയും സുപ്രീം കോടതിയും വീഡിയോ കോൺഫറൻസ് വഴിയാണ് പ്രവർത്തനം നടത്തുന്നത്. അഭിഭാഷകർക്ക് ഓഫീസ് പ്രവർത്തിരപ്പിക്കാൻ അനുവാദം നൽകി.കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം ഇറക്കിയ നിർദ്ദേശ പ്രകാരം, ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകകൾ സിഎസ്ആർ ഫണ്ടിലേക്ക് അർഹമല്ലെന്നും പിഎം കെയേർസ് സിഎസ്ആർ ഫണ്ടിൽ അർഹമാണെന്നും രേഖപ്പെടുത്തി.
ഇതിൽ പ്രകടമായ അപാകതയാണുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കൂടി സിഎസ്ആർ ഫണ്ടിന് അർഹതയുള്ള പട്ടികയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പൊതു ആവശ്യത്തിന് സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധിയെ സിഎസ്ആറിൽ നിന്ന് ഒഴിവാക്കുന്നത് ഫെഡറൽ തത്വത്തിന് നിരക്കുന്നതല്ല. ഇത് തിരുത്തണമെന്ന് അഭ്യർത്ഥിച്ചു.
മലപ്പുറം തിരൂരിലെ ഷിഹാബ് തങ്ങൾ സ്മാരക ആശുപത്രി കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് വിട്ടുനൽകാമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു. അപ്പോളോ ആശുപത്രി 240 കിടക്കകളും മറ്റ് സൗകര്യങ്ങളും നൽകാമെന്ന് അറിയിച്ചു. ചെങ്ങന്നൂരിൽ പൂർത്തിയാകുന്ന കെഎം ചെറിയാൻ മെമോറിയൽ ആശുപത്രിയും കൊവിഡ് 19 പ്രവർത്തനത്തിന് വിട്ടുനൽകാമെന്ന് അറിയിച്ചു,
കോഴിക്കോട് മലാപ്പറമ്പിലെ ഇക്ര അന്താരാഷ്ട്ര ആശുപത്രിയും സൗകര്യങ്ങൾ വിട്ടുനൽകും. പ്രവാസി മലയാളികൾ തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ സ്ഥാപനങ്ങളും മർക്കസ് സ്ഥാപനങ്ങളും സുന്നി സ്ഥാപനങ്ങളും വിട്ടുനൽകുമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ അറിയിച്ചു.
ഹോട്ടൽ റമദ ഐസൊലേഷന്‍ റൂമുകൾ വിട്ടുനൽകും. കേരള നാളികേര നിർമ്മാതാക്കളുടെ അസോസിയേഷൻ ആയിരം പാക്കറ്റ് വെളിച്ചെണ്ണ സംഭാവന നൽകും.മുൻ പ്രധാനമന്ത്രി ദേവഗൗഡ നമ്മുടെ രോഗികൾക്ക് കർണാടകത്തിൽ അടിയന്തിര സൗകര്യം ലഭ്യമാക്കാൻ സംസാരിച്ചിരുന്നു. അദ്ദേഹം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. അമൃതാനന്ദമയി മഠം മൂന്ന് കോടിയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഒരു കോടിയും ഹോമിയോപ്പതി സഹകരണ ലിമിറ്റഡ് 50 ലക്ഷം, സർക്കാർ ജോലി ലഭിച്ച 195 കായിക താരങ്ങൾ ഒറു മാസത്തെ വേതനം സംഭാവന നൽകി.ചളവറ ഹയർ സെക്കന്ററി മാനേജ്മെന്റും അദ്യാപകരും 47 ലക്ഷം രൂപ സംഭാവന നൽകി.
വയനാട് മുള്ളങ്കൊല്ലിയിലെ മരച്ചീനി കർഷകൻ റോയ് ആന്റണി വിളവെടുപ്പിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തങ്ങായി നിൽക്കുന്ന എല്ലാ നല്ല മനസുകളോടും നന്ദി അറിയിക്കുന്നു. ഈ സ്ഥിതിയുടെ പൂർണ്ണമായ ക്രഡിറ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. അതുണ്ടാക്കിയ മാറ്റം ചെറുതല്ല. ലോക്ക് ഡൗണുമായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ജാഗ്രത കൈവിടേണ്ട സാഹചര്യമില്ല. പ്രധാനമന്ത്രി പറയുന്നത് നോക്കി സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടി പ്രഖ്യാപിക്കും.
ഇത്തവണത്തെ വിഷുക്കൈ നീട്ടം നാടിന് വേണ്ടിയാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. നാട് അത്യസാധാരണ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ വിഷുക്കൈ നീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് മുതൽകൂട്ടാക്കാൻ കുട്ടികളെയും പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിലിൽ വിശുദ്ധ റംസാൻ മാസം ആരംഭിക്കുന്നു. സക്കാത്തിന്റേത് കൂടിയാണ് ഈ മാസം. ഇതും ഇപ്പോഴത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള അവസരമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.