ഈ കരുതലിനും കൂട്ടായ്മയ്ക്കും പകരം മറ്റൊന്നില്ല’ –
മനസ്സ് തുറന്ന് ആശുപത്രി ജീവനക്കാര്‍
കാസർകോട് : ഏറ്റവും അധികം കോവിഡ് രോഗികളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാര്‍ മനസ്സ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം അസുഖം ഭേദമായ 26 പേരെ വീടുകളിലേക്ക് യാത്രയാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം അംഗങ്ങള്‍ ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങിയിരുന്നു. കൊടും ചൂടുള്ള മാര്‍ച്ച് മാസത്തില്‍ പി.പി.ഇ കിറ്റ് ധരിച്ച് ജോലിക്ക് കയറുന്ന സമയത്തുണ്ടായിരുന്ന ആശങ്കകള്‍ പിന്നീട് ഉണ്ടായില്ല. ഓരോ രോഗികളേയും സ്വന്തക്കാരെപ്പോലെ പരിചരിച്ചു. സ്ഥല പരിമിതിയും സ്റ്റാഫ് നേഴ്സുമാരുടെ എണ്ണക്കുറവുമെല്ലാം തുടക്കത്തില്‍ തലവേദനയായെങ്കിലും പിന്നീട് എല്ലാം നിയന്ത്രണത്തിലായി, നേഴ്സിങ് സൂപ്രണ്ട് കെ.വി സ്നിഷി പറഞ്ഞു.
കരുതലും സ്നേഹവുമായി
ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം, അഡീഷണല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ എന്തിനും തയ്യാറായി കോവിഡിനെ പിടിച്ചുകെട്ടാനിറങ്ങി തിരിച്ചപ്പോള്‍ ജില്ലയുടെ രോഗമുക്തി മാത്രമായിരുന്നു ഓരോ ജീവനക്കാരന്റേയും ഉള്ളില്‍. കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ 14 ദിവസം തുടര്‍ച്ചയായി ജോലിചെയ്ത് ക്വാറന്റൈനില്‍ പ്രവേശിച്ച സ്റ്റാഫ് നേഴ്സുമാര്‍ വീണ്ടും ഡ്യൂട്ടി എടുക്കാന്‍ തയ്യാറാണെന്ന സന്നദ്ധത അറിയിച്ച് മുന്നോട്ട് വരികയാണ്. അതുപോലെ രോഗം ഭേദമായി വീടുകളിലേക്ക് പറഞ്ഞയച്ച രോഗികള്‍ ദിനംപ്രതി അവരെ പരിചരിച്ച നേഴ്സുമാരുടെ ആരോഗ്യ വിവരം അന്വേഷിക്കുന്നു, ഓരോ സ്റ്റാഫ് നേഴ്സിനും പറയാനുണ്ട് ഇങ്ങനെ സ്നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍.
രോഗത്തിന്റെ സ്വഭാവം അനുസരിച്ച് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓരോ രോഗിയ്ക്കും നേഴ്സുമാര്‍ കൂട്ടിരിപ്പുകാരായി. കൃത്യസമയത്ത് മരുന്നും ഭക്ഷണവും നല്കുന്നവര്. രോഗം ഭേദമാകാന്‍ സാധ്യതയുള്ളവര്‍ക്ക് ആദ്യം കൗണ്‍സില്ങ് നല്‍കും. വീടുകളില്‍ എത്തിയാല്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും അകലത്തെക്കുറിച്ചും പറഞ്ഞു കൊടുക്കും. ഇതേ രീതിയല്‍ രോഗികളുടെ വീട്ടുകാര്‍ക്കും കൗണ്‍സിലിങ് നല്‍കും. അതിന് ശേഷം മാത്രമാണ് ഡിസ്ചാര്‍ജ്ജ് നല്‍കുക.
പല രോഗികളും മികച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നവരാണ്. പലരും സര്‍ക്കാര്‍ ആശുപത്രിയുടെ വാര്‍ഡ് കാണുന്നത് ആദ്യമായായിരിക്കും. അതിന്റെ ബുദ്ധിമുട്ടുകള്‍ ആദ്യ കാലത്ത് ധാരാളം അനുഭവിച്ചു. പിന്നീട് അവര്‍ സാഹചര്യം ഉള്‍ക്കൊണ്ട് പെരുമാറിത്തുടങ്ങി. അവരുടെ കഥകളും ആവലാതികളും പങ്കുവെച്ചു തുടങ്ങി. കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ആരും പരസ്പരം മുഖം കാണുന്നില്ല. പകരം ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്നു. എല്ലാവര്ക്കും പേരുകളറിയാം, ശബ്ദവും അത്രമാത്രം. രോഗം ഭേദമായി തിരിച്ചുവരുമ്പോള്‍ രോഗികള്‍ ആദ്യം തിരക്കുന്നത് അവര്‍ എന്നും സംസാരിച്ചിരുന്ന അവരെ പരിചരിച്ചിരുന്ന നേഴ്സുമാരെയാണ്. ആ ദിവസം മാത്രമാണ് ഞങ്ങള്‍ പരസ്പരം കാണുന്നത്. വീടുകളില്‍ ചെന്നാലും അവര്‍ ഞങ്ങളെ തിരക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു -എല്ലാം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമാരുടെ വാക്കുകള്‍. കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കുമെന്ന വാര്‍ത്തകള്‍ അറിഞ്ഞുതുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളാരും മെഡിക്കല്‍ കോളേജിലേക്കില്ലെന്ന് വാശി പിടിച്ച രോഗികളുമുണ്ട്.
മനസ്സ് നിറഞ്ഞ് കൈയ്യടി
കോവിഡ് ആശുപത്രിയായതിന് ശേഷം ആശുപത്രി വിട്ട് വീടുകളിലേക്ക് പോകാത്ത ജീവനക്കാര്‍ക്കും രോഗികള്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. രാവിലെ പ്രാതല്‍, പതിനൊന്നു മണി ചായ, ഊണ്, വൈകുന്നേരം ചായ, രാത്രി ഭക്ഷണം എന്നിങ്ങനെ ഓരോരുത്തരേയും ഊട്ടുന്നത് ക്യാന്റീനിലെ പത്തോളം ജീവനക്കാരാണ്. ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും ചേര്‍ന്ന് രോഗികള്‍ക്ക് അരലിറ്റര്‍ പാല്, മുട്ട, പഴങ്ങള്‍ എന്നിവ പ്രത്യേകം നല്‍കുന്നുണ്ട്. രോഗികളുടെ ആവശ്യ പ്രകാരം കോവിഡ് വാര്‍ഡുകളില്‍ ചായയിടാനുള്ള സൗകര്യവും ആശുപത്രി അധികൃതര്‍ ചെയതു നല്കി.
താല്‍ക്കാലികമായി നിര്‍ത്തിവെച്ച വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ജീവനക്കാര്‍ അഡ്മിനിസ്ട്രേഷന് ജോലികള്‍, ഭക്ഷണ വിതരണം, ഹെല്‍പ്പ് ഡെസ്ക് സേവനങ്ങളുമായി തിരക്കിലാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചു വന്നപ്പോള്‍ രൂപീകരിച്ച 13 കമ്മറ്റികളും തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ്. രോഗം മാറി ആശുപത്രി വിട്ടിട്ടും രോഗികള്‍ വാട്സ് ആപ്പ് വീഡിയോ കോളിലൂടെയും ഫോണ്‍ കോള്‍ വഴിയും ജീവനക്കാരോട് സംവദിക്കുന്നുവെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജീവനക്കാരെ വാനോളം പുകഴ്ത്തുന്നുവെങ്കില്‍ അതെല്ലാം ഈ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന കയ്യടികളാണ്.