എവിടെയാണോ അവിടെ തുടരുക; പ്രവാസികളോട് സുപ്രീം കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് ഈ ഘട്ടത്തില്‍ നല്കാന് കഴിയില്ലെന്ന് സുപ്രീം കോടതി. യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എം.കെ. രാഘവന് എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡ് വൈറസ് പടരുന്നതിനെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ സംബന്ധിച്ചും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ എം.കെ. രാഘവനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടി നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശം ഞായറാഴ്ച യു.എ.ഇ. മുന്നോട്ടുവെച്ചിരുന്നു. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കിയിരുന്നു.
ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ 50,000ത്തോളം വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്രയധികം പേരെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍ സുരക്ഷിതരാണെന്നും നിലവില്‍ അവിടെ തന്നെ തുടരണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ മടക്കിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മറുപടി നല്കാന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചു. നിലവില്‍ ആറായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മത്സ്യത്തൊഴിലാളികളെ തിരികെക്കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി അടുത്ത തിങ്കളാഴ്ച്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.