നിരീക്ഷണത്തിനും സഹായത്തിനും പൊലീസ് മാപ്
കോവിഡ് ബാധിതപ്രദേശങ്ങൾ നിരീക്ഷിക്കാൻ തയ്യാറാക്കിയ കാസർകോട് പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം
കാസർകോട് :കോവിഡ് തീവ്രബാധിത പ്രദേശമായ കാസർകോട് രോഗം ഭേദമായി വീട്ടിലെത്തിയവരെയും നിരീക്ഷണത്തിലുള്ളവരെയും നിരീക്ഷിക്കാൻ കാസർകോട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക മാപ്. കോവിഡ് ബാധിതരായവരുടെയും സമ്പർക്കത്തിലേർപ്പെട്ടവരുടെയും വീടുകളുള്ള സ്ഥലങ്ങൾ മാപ്പിലുണ്ട്. ഗൂഗിൾ മാപ് ഉപയോഗിച്ചാണ് പൊലീസിന് മാത്രം ലഭ്യമാകുന്ന നിലയിൽ തയ്യാറാക്കിയത്. ഇവിടങ്ങളിൽ പൊലീസിന്റെ പട്രോളിങ് സംഘം ബൈക്കിലും ജീപ്പിലുമായി നിരീക്ഷിക്കും. കാസർകോട് നഗരസഭയിലെ തളങ്കര, നെല്ലിക്കുന്ന്, അണങ്കൂർ, ചാല, കൊല്ലമ്പാടി, മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ എരിയാൽ, മധൂർ പഞ്ചായത്തിലെ കൂഡലു എന്നിവ ജില്ലയിലെ തീവ്രരോഗ ബാധിത പ്രദേശങ്ങളാണ്. ഇവിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണുമുണ്ട്. ആർക്കും പുറത്തിറങ്ങാൻ പറ്റില്ല.
വലിയ പ്രദേശത്ത് പട്രോളിങ് നടത്തുന്ന പൊലീസിന് ഏറെ സഹായകരമാണ് മാപ്പ്. കൂടാതെ വീട്ടിലുള്ളവർക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ രണ്ട് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 9447545049, 8089379979 എന്നീ നമ്പറുകളിൽ വിളിച്ചാൽ മതി.
കാസർകോട് സിഐ സി എ അബ്ദുൾറഹ്മാൻ, എസ്ഐ നളിനാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ജനമൈത്രി വിഭാഗം പൊലീസ് ഉൾപ്പെടെ പത്തംഗ സംഘം സംഘം ഇതിനായി. പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് കാസർകോട് പൊലീസ് സ്റ്റേഷനിൽ മാത്രമാണ് ഇൗ സംവിധാനമുള്ളത്.