കൊവിഡിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് ഗഫൂറിന്റെ മാസ്എന്‍ട്രി
കൊവിഡ് 19 സ്രവപരിശോധന ഫലം പോസറ്റീവ് ആയപ്പോള്‍ അബ്ദുള്‍ ഗഫൂറിന്റെ മനസ്സൊന്ന് പിടഞ്ഞു.പ്രമേഹത്തിന്റെ അസ്വസ്ഥതതകളും അലട്ടിയിരുന്ന ഈ 57 കാരനെ പരിശോധനഫലം അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തി.പ്രായം 57,പ്രമേഹം…എങ്ങനെ അതിജീവിക്കുമെന്ന ചിന്ത അദ്ദേഹത്തെ തളര്‍ത്തി.ചിന്തിക്കുന്തോറും മനസ്സില്‍ ഭയത്തിന്റെ ഗ്രാഫ് ഉയര്‍ന്നു.മാര്‍ച്ച് 21 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍,അവിടുത്തെ ജീവനക്കാരില്‍ അര്‍പ്പിച്ച വിശ്വാസമാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്ന് മൈമൂന്‍ നഗര്‍ മൊഗ്രാല്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ പറയുന്നു.ചികിത്സയുടെ ഭാഗമായി മാര്‍ച്ച് 26 കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി,അവിടെയെയും മികച്ച പരിചരണമാണ് ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
‘ഭയത്തിനെ മനസ്സില്‍ നിന്ന് ആദ്യം തുടച്ചു നീക്കുകയാണ് വേണ്ടത്.ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കുകയാണ് ഉചിതം .കേരളത്തില്‍ സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളാണ് കോവിഡ് 19 രോഗികളെ ചികിത്സിക്കാന്‍ ഒരുക്കിയിരിക്കുന്നതെന്ന് ജീവിതം സാക്ഷി നിര്‍ത്തി ഗഫൂര്‍ പറയുന്നു.
മാര്‍ച്ച് 14 ന് ആണ് ഗള്‍ഫിലെ നൈഫ് മേഖലയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇദ്ദേഹം മകനോടെപ്പം പറന്നിറങ്ങുന്നത്.നാട്ടില്‍ എത്തി നടത്തിയ പരിശോധനയിലാണ് ഫലം പോസറ്റീവ് ആയത്. മകന്റെ ഫലം നെഗറ്റീവ് ആയിരുന്നു.ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സമയത്ത്, സദാസമയവും ഡോക്ടര്‍മാരും നേഴ്സുമാരും രോഗികളുടെ വിഷമതകള്‍ പരിഹരിക്കുന്നതിന് കൂടെ നിന്നുവെന്ന് ഗഫൂര്‍ പറയുന്നു. ഏപ്രില്‍ 11 ന് സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ(ഏപ്രില്‍ 12 )ആണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.ഇനിയുള്ള 14 ദിനം റൂംക്വാറന്റൈയിന് ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. മാപ്പിള പാട്ടുകളെ നെഞ്ചോട് ചേര്‍ത്തു വച്ചിട്ടുള്ള ഗഫൂറിന് പറയാനുള്ളത് ഇത്രമാത്രം ‘ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ ഏതു കൊവിഡിനെയയും തുരുത്താം.അതിന് എന്റെ ജീവിതം തന്നെ ഉദാഹരണം.’