കാസര്കോട്കോ:കോവിഡ് 19 എന്ന മഹാമാരി ലോക രാജ്യങ്ങളെയാകെ പിടിച്ചു കുലുക്കിയപ്പോഴും സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടത്തിവിടാതെ അതിന് കടിഞ്ഞാണിടാനുള്ള കഠിനശ്രമത്തിലാണ് കേരളം. മറ്റ് പതിമൂന്ന് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയത് കാസര്‍കോട് ജില്ലയിലെ രോഗികളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധനവായിരുന്നു. ജില്ലയിലെ 131 രോഗികള്‍ ആരോഗ്യ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. മാര്‍ച്ച് 16 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചു വന്ന സാഹചര്യത്തില്‍, യുദ്ധകാലാടിസ്ഥാനത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി മാറുകയായിരുന്നു.
ചിക്കന്‍ഗുനിയയും ഡങ്കിപ്പനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രവര്‍ത്തിച്ചു ലഭിച്ച അനുഭവ സമ്പത്തിന്റെ പുറത്താണ് ഡോക്ടര്‍മാരും നേഴ്സുമാരും ഈ യുദ്ധമുഖത്തിറങ്ങിയത്. എച്ച്.വണ്‍ എന്‍.വണ്‍ ചികിത്സയുടെ ഭാഗമായ ഡോക്ടര്‍മാരും ആശുപത്രിക്ക് മുതല്‍കൂട്ടായി. ആരോഗ്യ വകുപ്പ് നല്കി വന്ന മികച്ച പരിശീലനങ്ങള്‍ ചികിത്സയിലേക്കിറങ്ങാന് ജീവനക്കാര്‍ക്ക് ഊര്‍ജ്ജം നല്കി. പി.പി.ഇ കിറ്റ് ഉപയോഗം, വ്യക്തി ശുചിത്വം, പരിചരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഡോക്ടര്‍മാര്‍ നേഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ക്ലാസുകള്‍ നല്കി. ഇത് ഓരോ ദിവസവും നല്കി വരികയാണ്.
212 ബെഡുകളുള്ള ആശുപത്രിയുടെ ജനറല്‍ വാര്‍ഡുകളും പേവാര്‍ഡും ഐസൊലേഷന്‍ റൂമുകളായി. സംസ്ഥാന സര്‍ക്കാറിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് അറുപത് ബഡുകള്‍ വീതമുള്ള പുരുഷന്മാരുടേയും സ്ത്രീകളുടേയും വാര്‍ഡുകള്‍ 35 ബെഡുകളുള്ള കോവിഡ് മുറികളായത് വളരെ പെട്ടെന്നായിരുന്നു. കോവിഡിനെ നേരിടാന്‍ ജീവനക്കാര്‍ പതിമൂന്ന് കമ്മറ്റികളായി തിരിഞ്ഞു. ഓരോരുത്തരും അവരുടെ ഭാഗം വളരെ സമര്‍ത്ഥമായി നിറവേറ്റി വരികയാണ്.
കോവിഡ് റിസള്റ്റ് പോസിറ്റീവായ ആളുകളെ ഉടന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ മാറിയുടുക്കാനുള്ള വസ്ത്രം പോലും കരുതാതെയാണ് രോഗികളെത്തുന്നത്. ആശുപത്രി പ്രവേശനത്തിന് ശേഷമുള്ള ദിവസങ്ങളില്‍ അവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍, മാറിയുടുക്കാനുള്ള വസ്ത്രങ്ങള്‍, ബക്കറ്റ്, മഗ്ഗ്, വാട്ടര്‍ ബോട്ടില്‍, നെയില്‍ കട്ടര്‍, ഷേവിങ് സെറ്റ്, സോപ്പ് , ചീര്‍പ്പ്,കണ്ണാടി വിവിധങ്ങളായ സാധന സാമഗ്രികള്‍ ഓരോ രോഗിക്കും പ്രത്യേകം വാങ്ങി നല്കി. ആദ്യ ദിവസങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചിരുന്ന സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പിന്നീട് സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ചു.
രോഗികളുടെ മാനസീകവാസ്ഥ പരിഗണിച്ച് മൂന്ന് ടി.വി, കൊടുംചൂടിനെ മറികടക്കാന്‍ 36 പെടസ്ട്രിയല്‍ ഫാനുകള്‍, ഒരു ഫ്രിഡ്ജ്, മലയാളം ഇംഗ്ലീഷ് ഭാഷകളിലുള്ള പത്രങ്ങള്‍, കുട്ടികള്‍ക്കായി ബാലസാഹിത്യ പുസ്തകങ്ങള്‍ തുടങ്ങി മികച്ച കരുതലാണ് ജനറല്‍ ആശുപത്രി ജീവനക്കാര്‍ ഓരോ രോഗിക്കും നല്കി വരുന്നത്. രോഗികളുടെഭക്ഷണ കാര്യത്തിലും ആശുപത്രി അധികൃതര്‍ ശ്രദ്ധ കാണിക്കുന്നുണ്ട്. കഞ്ഞി, ബ്രഡ്,മുട്ട തുടങ്ങിയ സാധാരണ ഭക്ഷണ വിതരണത്തില്‍ നിന്ന് മാറി ചിക്കന്‍ കറി തുടങ്ങിയ ഭക്ഷണങ്ങള്‍ നല്കി വരികയാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിലവില്‍ 49 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കായി സദാ കര്‍മ്മ നിരതരായി 300 ജീവനക്കാര്‍ പ്രവര്‍ത്തിച്ചു വരുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍, ആംബുലന്‍സ് ഡ്രൈവര്‍, സ്റ്റാഫ് നേഴ്സുമാര്‍, ഇലക്ട്രീഷ്യന് തുടങ്ങി നിരവധിപേര്‍ അവര്‍ക്കായി നല്കിയ ജോലികള്‍ക്ക് പുറമേ കോവിഡിനെതിരെയുള്ള യജ്ഞത്തിലും പങ്കാളികളായി. സൂപ്രണ്ട് ഡോ. രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയരാജന് എന്നിവര്‍ ചുക്കാന്‍ പിടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ്.
ആശുപത്രിയിലെ ഫിസീഷ്യന്മാരായ ഡോ.ജനാര്‍ദ്ദന നായ്ക്, ഡോ.കൃഷ്ണ നായ്ക്, ഡോ.കുഞ്ഞിരാമന് എന്നിവരാണ് രോഗികളെ പരിചരിക്കുന്നത്. കേരളത്തില്‍ തന്നെ ഏറ്റവും അധികം കോവിഡ് രോഗികളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാരെ ആരോഗ്യ കേരളം അനുമോദിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സൂ ആപ്പിലൂടെയുള്ള ലൈവ് പരിപാടിയിലാണ് വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എഴന്നേറ്റ് നിന്ന് ഇവരെ ആദരിച്ചത്.
ആശുപത്രിയില്‍ നിന്നും വീടുകളിലേക്ക് പോകാതെ ജീവനക്കാര്‍ ജോലി സമയം കഴിഞ്ഞും പ്രവര്‍ത്തിക്കുകയാണ്. ജീവനക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു വരുന്നുണ്ട്. ജീവനക്കാരെയും രോഗികളെയും ഊട്ടാനുള്ള ചുമതല മികച്ച രീതിയില്‍ ചെയ്തു വരികയാണ് ക്യാന്റീന് ജീവനക്കാര്‍. സന്നദ്ധ പ്രവര്‍ത്തകരും സ്വയം സേവനസന്നദ്ധരായി ആശുപത്രിയിലെത്തിയ വിദഗ്ദ്ധരും ശുചീകരണ തൊഴിലാളികളും ആശുപത്രിയുടെ ഭാഗമായ ഓരോരുത്തരും എണ്ണയിട്ട യന്ത്രസമാനമുള്ള പ്രവര്‍ത്തനത്തിലാണ്. ഇതിനകം കുറച്ച് പേര് അസുഖം ഭേദമായി ആശുപത്രി വിട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് രോഗമുക്തരാകും, വലിയ ആത്മവിശ്വാസത്തിലാണ് ടീം ജി.എച്ച്. ഈ കരുതല്‍ മതി, നമ്മള് അതിജീവിക്കുക തന്നെ ചെയ്യും.